Wednesday, July 22, 2026

‘മധു’വൂറും അഭിനയകലയുടെ സാമ്രാട്ടിനു പിറന്നാൾ നിറവ്

നവതിയുടെ നിറവിലാണ് മലയാളത്തിന്‍റെ പ്രിയ നടന്‍ മധു. ജീവിത സിനിമയുടെ ഒരുപതിറ്റാണ്ടിലേക്ക് കടക്കുന്ന അനശ്വര പ്രതിഭ. “കറുത്തമ്മാ…കറുത്തമ്മ എന്നെ ഉപേക്ഷിച്ചു പോകുകയാണോ? എന്നെ ഉപേക്ഷിച്ചു കറുത്തമ്മയ്ക്ക് പോകാനാകുമോ? കറുത്തമ്മ പോയാല്‍ ഞാനീ കടാപ്പുറത്ത് പാടിപ്പാടി മരിക്കും…” കല്ലിനെപ്പോലും അലിയിച്ചു കളയും മധു ചെമ്മീനില്‍ നിറഞ്ഞാടിയ പരീക്കുട്ടിയുടെ പ്രണയം. “കറുത്തമ്മാ…” എന്ന വികാരാവേശത്തോടെയുള്ള ആ വിളിയിലാണ് ആളുകള്‍ മധു എന്ന കഴിവുറ്റ നടനെ പൂര്‍ണ്ണമായ ആവേശത്തോടെ അന്നും ഇന്നും ഉള്‍ക്കൊള്ളുന്നത്, നെഞ്ചിലേറ്റി നടക്കുന്നത്. കാലങ്ങള്‍ അനവധി കഴിയുന്തോറും കടലും തിരമാലകളും പഴയതു തന്നെ. യാത്ര പോകുന്ന അതേ തിരമാലകള്‍ തന്നെ അതേ വേഗതയില്‍ കരയിലേക്ക് തിരിച്ചു വരുന്നു.

പരീക്കുട്ടിയുടെ വിരഹവേദന നിറഞ്ഞ കറുത്തമ്മയെക്കുറിച്ചുള്ള പാട്ടുകള്‍ ഇന്നും പ്രേതത്തെപ്പോലെ ഗതികിട്ടാതെ കടല്‍ക്കരയില്‍ കടല്‍ച്ചൂരിനൊപ്പം അലയുന്നു. ‘കറുത്തമ്മാ’ എന്ന കാതരമായ വിളി കാലത്തിന്‍റെയും മനുഷ്യമനസ്സിന്‍റെയും മതിലുകളില്‍ പ്രതിധ്വനിക്കുന്നു. കാലങ്ങള്‍ കടന്നു ചെല്ലുന്തോറും നമ്മൂടെ മനസ്സില്‍ ആ വിളിയുടെ അലകള്‍ ഒടുങ്ങുന്നില്ല, ’ചെമ്മീന്‍’ എന്ന എക്കാലത്തെയും മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചലച്ചിത്രത്തിന്‍റെ ദുരന്ത പര്യവസായിയായ കടലമ്മയുടെ മക്കളുടെ പ്രണയ കഥയും. “എന്നെ മോഹിപ്പിക്കുന്ന സബ്ജെക്റ്റ് തരൂ, ഞാന്‍ സിനിമയാക്കാം…” എന്ന് മലയാള സിനിമയുടെ നടന കലയ്ക്ക് തിളക്കമാര്‍ന്ന നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച അഭിനയ പ്രതിഭ മധു എന്ന മാധവന്‍ നായര്‍ ആവേശത്തോടെ അഭിമുഖങ്ങളില്‍ സംവിധായ കന്‍റെ വേഷമണിയുക എന്ന തന്‍റെ ആഗ്രഹം പങ്ക് വയ്ക്കുന്നു ഇപ്പോഴും…

മധുവിന്‍റെ ശരീരമിപ്പോഴും മധുവിന്‍റേതല്ല പരീക്കുട്ടിയുടേതാണ് പ്രേക്ഷകര്‍ക്ക്. പരീക്കുട്ടിയുടെ ആ ശബ്ദവും വിളിയുമാണ് മധുവിനെ കാണുമ്പോള്‍ പ്രേക്ഷകര്‍ക്കുള്ളില്‍ നിറയുന്നത്. മധുവിന്‍റെ അഭിനയ ജീവിതത്തെ ‘ചെമ്മീനി’ന് മുന്‍പും ശേഷവും എന്ന് വിശേഷിപ്പിക്കാം. എന്നാല്‍ പരീക്കുട്ടിയുടെ വേഷം  അദ്ദേഹമണിഞ്ഞ മറ്റെല്ലാ കഥാപാത്രങ്ങളെയും നിഷ്പ്രഭമാക്കിക്കളഞ്ഞു. അദ്ദേഹത്തിന്‍റെ കണ്ണിനുള്ളില്‍ ഇപ്പൊഴും കറുത്തമ്മയോടുള്ള അടങ്ങാത്ത പ്രണയത്തിന്‍റെ തിളക്കമുണ്ട്, അതില്‍ നദിയില്‍ നിലാവെളിച്ചത്തെയെന്ന പോലെ ജലോപരിതലത്തില്‍  കറുത്തമ്മയുടെ രൂപ സൌന്ദര്യം ഇപ്പൊഴും തെളിഞ്ഞു കാണാം.

സൌന്ദര്യ പൂര്‍ണ്ണമായ ഭാവഗരിമയുണ്ട്, മധുവിനും അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങള്‍ക്കു൦. പ്രണയത്തിന്‍റെ നൈര്‍മ്മല്യത മാത്രമല്ല, കരുത്തനായ നായകനായും വില്ലനായും പല ഭാവഭേദങ്ങളില്‍ വെള്ളിത്തിരയില്‍ വന്നുപോയിട്ടുണ്ട് ഈ അതുല്യ നടവൈഭവം.  എം ജി കോളേജില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു എങ്കിലും അതുപേക്ഷിച്ചു കൊണ്ട് അദ്ദേഹം വെള്ളിത്തിരയിലേക്ക് ചേക്കേറുകയായിരുന്നു. നടനാവുക എന്ന മോഹവുമായി സിനിമയുടെ പടികള്‍ ചവുട്ടിക്കടന്നു വന്ന മാധവന്‍ നായരെ ‘മധു’ എന്ന് ആദ്യമായി പേരിട്ടു വിളിക്കുന്നത് പി ഭാസ്കരന്‍ മാഷാണ്. രാമുകാര്യാട്ട് സംവിധാനം ചെയ്ത ‘മൂടുപടം ‘എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിനു നാന്ദികുറിച്ചതെങ്കിലും ആദ്യം പ്രദര്‍ശനത്തിനെത്തിയത് ‘നിണമണിഞ്ഞ കാല്‍പ്പാടുകള്‍ ‘ എന്ന കെ എന്‍ പണിക്കര്‍ സംവിധാനം ചെയ്ത ചിത്രമാണ്.

ചെമ്മീനിലെ പരീക്കുട്ടി എന്ന കഥാപാത്രത്തിലൂടെ നിരവധി അംഗീകാ രങ്ങള്‍ വാരിക്കൂട്ടിയ മധുവിന്‍റെ അഭിനയ കലയ്ക്ക് ഈ ചിത്രം സുപ്രധാ നമായ വഴിത്തിരിവൊരുക്കി. തനിക്ക് നല്‍കുന്ന ഏത് കഥാപാത്ര ത്തിലേക്കുമുള്ള മധുവെന്ന കലാകാരന്‍റെ പരകായപ്രവേശത്തിന്‍റെ ഭംഗി പിന്നീട് അദ്ദേഹത്തെ തേടിയെത്തിയ മിക്ക കഥാപാത്രങ്ങളിലൂടെയും നാം വിസ്മയത്തോടെ കണ്ടിരുന്നു. സ്വയംവരത്തിലെയും ഭാര്‍ഗ്ഗവി നിലയത്തിലെയും അധ്യാപികയിലെയും മുറപ്പെണ്ണിലെയും  ഓളവും തീരത്തിലെയും തുലാഭാരത്തിലെയും ഉമ്മാച്ചുവിലെയും മധുവിനെ എങ്ങനെ മറക്കാന്‍ കഴിയും പ്രേക്ഷകര്‍ക്ക്.

പുറക്കാട്ട് കടപ്പുറത്ത് തന്‍റെ കാമുകയുടെ ഓര്‍മ്മകളുമായി കടലിനൊപ്പം പാടിയലയുന്ന പരീക്കുട്ടിയോളം മറ്റൊരു കഥാപാത്രമില്ല മധുവിന് എന്ന് പ്രേക്ഷകര്‍ തറപ്പിച്ചു പറയും. പരീക്കുട്ടിക്ക് ശേഷം എന്നൊന്നില്ല, പരീക്കുട്ടി മുതല്‍ പരീക്കുട്ടിവരെ…അത്രമാത്രം! മലയാള സിനിമ വളരുന്തോറും ആ പ്രതിഭാശാലിയും വളര്‍ന്ന് കൊണ്ടിരുന്നു. മൂന്നൂറിലേറെ കഥാപാത്രങ്ങളിലൂടെ അദ്ദേഹം വിവിധങ്ങളായ ജീവിതങ്ങള്‍ ജീവിച്ചു കൊണ്ട്  അഭിനയ ജീവിതത്തിന്‍റെ  അര നൂറ്റാണ്ടിലേറെ വെള്ളിത്തിരയെ അടക്കിവാണു.  ബഷീറിന്‍റെയും ഉറൂബിന്‍റെയും എം ടിയുടെയും എസ് കെ പൊറ്റെക്കാടിന്‍റെയും കേശവദേവിന്‍റെയുമെല്ലാം നവോത്ഥാനകാലങ്ങളില്‍ ജ്വലിച്ചു നിന്ന എഴുത്തുകള്‍ സിനിമകളായപ്പോള്‍ മധു അതില്‍ പ്രധാന കഥാപാത്രമായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

സിനിമയിലെത്തും മുന്നേ നാടകവുമായും അഗാധബന്ധം പുലര്‍ത്തിയിരുന്ന മധു മൂന്നു വര്‍ഷക്കാലം സ്കൂള്‍ ഓഫ് ഡ്രാമയില്‍ നാടകപഠനം അഭ്യസിച്ചു. നാടകത്തിന്‍റെ തട്ടകത്തില്‍ നിന്നും സിനിമയുടെ ബിഗ് സ്ക്രീനിലെത്തിയപ്പോള്‍ കാത്തിരുന്നത് മലയാള സാഹിത്യത്തിലെ പ്രസിദ്ധ എഴുത്തുകാരുടെ നോവലുകളെ പ്രമേയമാക്കിയുള്ള സിനിമകള്‍. ചെമ്മീനിലെ പരീക്കുട്ടിയും ഓളവും തീരത്തിലെ ബാപ്പുട്ടിയും നാടന്‍ പ്രേമത്തിലെ ഇക്കോരനും ഉമ്മാച്ചുവിലെ മായനും ഏണിപ്പടികളിലെ കേശവപ്പിള്ളയും ഭാര്‍ഗ്ഗവി നിലയത്തിലെ സാഹിത്യകാരനും കള്ളിച്ചെല്ലമ്മയിലെ അത്രാ൦ കണ്ണും വിത്തുകളിലെ ഉണ്ണിയും ഉദാഹരണങ്ങള്‍. 2013- ല്‍ രാജ്യം ഈ അഭിനയ പ്രതിഭയെ പത്മശ്രീ നല്കി ആദരിച്ചപ്പോള്‍ മലയാള സിനിമയ്ക്കത് പൊന്‍തൂവലായി.

അഭിനയകലയുടെ മധു ജീവിതത്തില്‍ തൊണ്ണൂറു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. നടന്‍ മാത്രമായല്ല, സംവിധായകനായും തിരക്കഥാകൃത്തായും നിര്‍മാതാവായും അങ്ങനെ സിനിമയുടെ വിവിധ മേഖലകളിലായി അദ്ദേഹം തന്‍റെ കലയുടെ കയ്യൊപ്പ് ചാര്‍ത്തി. മുപ്പതാം വയസ്സു തൊട്ട് തുടങ്ങിയ ആ അഭിനയ സപര്യ ഇന്നും ഒളിമങ്ങാതെ നിലനില്‍ക്കുന്നു. മലയാളത്തില്‍ കൂടാതെ അന്യഭാഷകളിലും അഭിനയിച്ച അദ്ദേഹത്തിന്‍റെ ‘സാഥ്’ എന്ന ഹിന്ദി ചിത്രം ശ്രദ്ധേയമായി. കഥാപാത്രങ്ങളുടെ സ്വീകാര്യതയും ആത്മനിര്‍വൃതിമായിരുന്നു മധുവിനെ കൂടുതല്‍ ആകര്‍ഷിച്ചത്. മലയാള സിനിമയില്‍ ഇന്നും ജ്വലിച്ചു നില്‍ക്കുന്നു, വിസ്മയമാര്‍ന്ന ദു:ഖത്തിന്‍റെയും ആനന്ദത്തിന്‍റെയും മധുവൂറും കഥാപാത്രങ്ങളെ സമ്മാനിച്ച മധുവെന്ന അഭിനയകലയുടെ ഭാവചക്രവര്‍ത്തി…!

spot_img

Hot Topics

Related Articles

Also Read

മുത്തപ്പന്റെ കഥയുമായി ‘ശ്രീ മുത്തപ്പൻ’; ഓഡിയോ ലോഞ്ച് ചൊവ്വാഴ്ച

0
പ്രതിഥി ഹൌസ് ക്രിയേഷൻസിന്റെ ബാനറിൽ അനീഷ് പിള്ള നിർമ്മിച്ച് ചന്ദ്രൻ നരിക്കോട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ശ്രീ മുത്തപ്പൻ’ എന്ന സിനിമയുടെ ഓഡിയോ  ലോഞ്ചിങ് ചൊവ്വാഴ്ച വൈകീട്ട് മൂന്നു മണിക്ക് കാച്ചി വെണ്ണല ഉദ്യാൻ കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും

കുഞ്ചാക്കോ ബോബനും പ്രിയാമണിയും ഒന്നിക്കുന്ന ക്രൈം ത്രില്ലർ ചിത്രം; സംവിധനം ജിത്തു അഷ്റഫ്

0
മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ സിബി ചാവറയും രഞ്ജിത് നായരും ചേർന്ന് നിർമ്മിച്ച് ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഇമോഷണൽ ക്രൈം ത്രില്ലർ ചിത്രത്തിൽ പ്രിയാമണിയും കുഞ്ചാക്കോ ബോബനും പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.

റൊമാന്‍റിക് കോമഡി ത്രില്ലറുമായി  ഷാനവാസ്; ചിത്രീകരണം ആരംഭിച്ചു

0
റൊമാന്‍റിക് കോമഡി ത്രില്ലര്‍ ചിത്രത്തില്‍ മെട്രോനഗരത്തില്‍ ജീവിക്കുന്ന മൂന്നുപേരുടെ പ്രണയകഥയാണ് പറയുന്നത്.  

മാത്യു തോമസ് ചിത്രം ‘ലൌലി’ തിയ്യേറ്ററുകളിലേക്ക്

0
മാത്യു തോമസ് നായകനായി എത്തുന്ന ചിത്രം ‘ലൌലി’ ഏപ്രിൽ 4 -നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ്- ത്രീഡി, അനിമേഷൻ ആന്റ് ലൈവ് ആക്ഷൻ- ത്രീഡി മൂവിയാണ് ‘ലൌലി’. തിരക്കഥാകൃത്തായ...

റിലീസിനൊരുങ്ങി ‘പാപ്പച്ചന്‍’; ആഗസ്ത്- 4 നു തിയ്യേറ്ററില്‍

0
പാപ്പച്ചന്‍ എന്ന ഡ്രൈവറുടെ ജീവിത കഥപറയുന്ന ചിത്രം ‘പാപ്പച്ചന്‍ ഒളിവിലാണ്’ തിയ്യേറ്ററിലേക്ക്. നര്‍മ്മപ്രധാനമായ ഈ ചിത്രത്തില്‍ പാപ്പച്ചനായി എത്തുന്നത് സൈജു കുറുപ്പാണ്. ചിത്രത്തിന്‍റെ പോസ്റ്ററുകളും ടീസറുകളും ഗാനങ്ങളും ഇയ്യിടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.