Sunday, September 6, 2026

‘തുടരും’ അഭിനയവിസ്മയത്തിന്റെ ‘ലാൽ മാന്ത്രികത’

തിയ്യേറ്റർ വിട്ടിറങ്ങുമ്പോൾ ‘ലാലേട്ടൻ..’ എന്ന് കേരളക്കര വീണ്ടും ഒന്നടങ്കം ആർപ്പുവിളിച്ചു, ‘തുടരും’ എന്ന സിനിമയിലൂടെ അവർ അവരുടെ പ്രിയപ്പെട്ട ലാലേട്ടനെ കണ്ടെത്തിയിരിക്കുന്നു! ‘അദ്ദേഹത്തിന് നല്ല കഥകളും തിരക്കഥകളും നൽകൂ, ജീവൻ തുടിക്കുന്ന കഥാപാത്രമായി മോഹൻലാൽ വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കുo’ എന്ന പ്രേക്ഷകരുടെ അടിയുറച്ച ആത്മവിശ്വാസം ഒട്ടും തെറ്റിയില്ല. തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ എന്ന ചിത്രത്തിലൂടെ തന്റെ കഴിവ് കൊണ്ട് ‘ബെൻസൻ’ എന്ന കഥാപാത്രത്തെ പൊന്നാക്കി തീർത്തു മോഹൻലാൽ.

ഒരു സാധാരണമനുഷ്യന്റെ ശാരീരിക, മാനസിക ഭാഷയെ അപ്പാടെ പകർത്തിയെടുത്ത് അഭിനയിക്കുവാനുള്ള മോഹൻലാൽ മന്ത്രികതയുടെ അപാര സിദ്ധിയെ പ്രേക്ഷകർ വീണ്ടും ‘തുടരും’ എന്ന സിനിമയിലൂടെ അടുത്തറിഞ്ഞു. മനുഷ്യജീവിതത്തോട് ചേർന്ന് നിൽക്കുന്ന കഥയെയും കഥാപാത്രങ്ങളെയും ജീവൻ നല്കി വിസ്മയിപ്പിച്ചു കൊണ്ട് മോഹൻലാൽ തന്റെ അഭിനയ ജീവിതത്തിന്റ ഭദ്രത ഒന്നുകൂടി ഉറപ്പിച്ചു. ഈ അനശ്വര പ്രതിഭയുടെ നിർജ്ജലീകരണമല്ല, പകരം സമൃദ്ധിയോടെ മലയാള സിനിമയിൽ മോഹൻലാൽ എന്ന നടന വിസ്മയത്തിന്റെ  പ്രതിഭ തുടരും എന്ന് ഊന്നിപ്പറയുന്ന ചിത്രം കൂടിയാണിത്.

ഒരു മികച്ച ഫാമിലി ഡ്രാമ എന്നോ ഫാമിലി ത്രില്ലർ എന്നോ വിശേഷിപ്പിക്കാവുന്ന തരത്തിൽ ‘തുടരും’ സിനിമയുടെ വിസ്മയം അടുത്തിടെ ഇറങ്ങിയ മോഹൻലാൽ ചിത്രങ്ങളിൽ നിന്നും വേറിട്ട് കാണാൻ കഴിയുന്നു എന്നതാണ് ഈ സിനിമയുടെ ഏറ്റവും പ്രധാന പ്രത്യേകത. ശക്തമായ തിരക്കഥയാണ് കെ അർ സുനിലും തരുൺ മൂർത്തിയും സിനിമയ്ക്ക് വേണ്ടിയൊരുക്കിയ മറ്റൊരു നട്ടെല്ല്. റാന്നിക്കാരനായ ടാക്സി ഡ്രൈവർ ബെൻസന്റെ ജീവിതത്തിന് മേൽ സാധാരണക്കാരന്റെ വിയർപ്പും ചോരയും കണ്ണീരും മണ്ണും കൂട്ടിക്കുഴച്ചപ്പോൾ മോഹൻലാൽ നമ്മളായി, നമുക്കിടയിലെ ഒരാളായി.

തുച്ഛമായ വരുമാനത്തിലൂടെ  ഉള്ളത് കൊണ്ട് ഓണം ആഘോഷിക്കുന്ന സാധാരണക്കാരന്റെ ജീവിതത്തിന് മേൽ അധികാരത്തിന്റെ രാക്ഷസീയ ഭാവങ്ങൾ  പിടിമുറുക്കുമ്പോൾ അവനും അവന്റെ കുടുംബവും സ്വപ്നങ്ങളും തകരുന്നത് നമ്മൾ ‘തുടരും’ എന്ന സിനിമയിലൂടെ കണ്ടുകഴിഞ്ഞു. സിനിമാജീവിതവുമായി തമിഴ്നാട്ടിൽ കഴിഞ്ഞു കൂടിയ ബെൻസൻ എന്ന ഷണ്മുഖൻ കേരളത്തിലെ റാന്നിയിൽ എത്തുന്നതും വിവാഹം കഴിച്ച് അവിടെ കുടുംബസമേതം ജീവിക്കുന്നതുമാണു സിനിമയുടെ പ്രാരംഭ ദൃശ്യം. അയാൾ കുടുംബത്തെ എന്ന പോലെ കൂടെ കൊണ്ടുനടക്കുന്ന പ്രിയപ്പെട്ട മാർക്ക് വൺ മോഡൽ കറുപ്പ് അംബാസിഡർ കാറാണ് അയാളുടെ ഏക വരുമാന മാർഗ്ഗം.

ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത് നടി ശോഭനയാണ്. മോഹൻലാൽ- ശോഭന കോംബോ നീണ്ട ഇടവേളയ്ക്ക് ശേഷം ‘തുടരും’ എന്ന മൂവിയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയതിന്റെ ആവേശം കൂടിയുണ്ടായിരുന്നു പ്രേക്ഷകരിൽ. തരുൺ മൂർത്തി ഇരുവരുടെയും ഒന്നിച്ചുള്ള സീനുകൾ ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തു. കാറിന്റെ വേഗതയ്ക്കും അതിനു പറ്റുന്ന ഓരോ അപകടങ്ങളും ബെൻസന്റേയും അയാളുടെ കുടുംബത്തിന്റെയും കൂടിയാണ്. ഓരോ സീനുകളിലും പ്രേക്ഷകരെ മുൾമുനയിൽ നിരത്തുന്ന ട്വിസ്റ്റും ക്ലൈമാക്സിൽ പ്രേക്ഷകരുടെ കയ്യടിയും നേടി ഈ ഹിറ്റ് ചിത്രം.

മോഹൻലാലിന്റെയും ശോഭനയുടെയും അഭിനയം മാത്രമല്ല, വില്ലന്മാരായി എത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ കഥാപാത്രങ്ങളെ കൈകാര്യം ചെയ്ത ബിനു പപ്പുവും പ്രകാശ് വർമ്മയും തോമസ് മാത്യുവും ഫർഹാൻ ഫാസിലും അവരുടെ കഹാപാത്രങ്ങളെ ഭദ്രമാക്കി. മികച്ച കഥാസന്ദർഭത്തെ വളരെ മനോഹരമായി പെർഫോo ചെയ്യാൻ സംവിധായകന് കഴിഞ്ഞു. കൂടാതെ ഷാജികുമാറിന്റെ ഛായാഗ്രഹണവും ഗംഭീരമായി. നരൻ, പുലിമുരുകൻ, തുടങ്ങി ആക്ഷൻ സ്റ്റണ്ട് സീനുകൾ കൈകാര്യം ചെയ്ത ഷാജികുമാർ ഈ ചിത്രത്തിലെ സീനുകളും മനോഹരമാക്കി. ചിത്രത്തിന്റെ എഡിറ്ററായിരുന്ന നിഷാദ് യൂസഫിന്റെ അപ്രതീക്ഷിതമായ അകാല വിയോഗമുണ്ടായപ്പോൾ അദ്ദേഹത്തിന്റെ തന്നത് ശൈലിയിൽ പോറൽ പറ്റാതെ ബാക്കി എഡിറ്റിങ് പൂർത്തിയാക്കുവാൻ വി ബി ശഫീഖിനു കഴിഞ്ഞു.

കേരളത്തിൽ നടന്ന യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ചിത്രീകരിച്ച സിനിമയാണ് ‘തുടരും’. ആകർഷകമായ പശ്ചാത്തല സംഗീതം കൊണ്ട് ജേക്സ് ബിജോയ്യും കയ്യടികൾ നേടി. വളരെ ഒതുക്കത്തിൽ കഥയെ തിരക്കഥയിലേക്ക് പരിണമിപ്പിച്ച് സ്ക്രീനിലെ ചലച്ചിത്ര ഭാഷ്യത്തിലേക്ക് മൊഴിമാറ്റം നടത്തിയ തരുൺ മൂർത്തി മലയാളത്തിലെ  മികച്ച സംവിധായകനാണെന്ന് പ്രേക്ഷകർ അംഗീകരിച്ച് കഴിഞ്ഞു. മുൻപ് അദ്ദേഹം സംവിധാനം ചെയ്ത സൌദി വെള്ളക്കയും ഓപ്പറേഷൻ ജാവയും ശ്രദ്ധേയ സിനിമകളായിരുന്നു. മോഹൻലാലിനെ സാധാരണക്കാരനായി ബിഗ് സ്ക്രീനിൽ കാണുവാനുള്ള മലയാള സിനിമാ പ്രേമികളുടെ ആഗ്രഹം ഇനിയും ‘തുടരു’കതന്നെ ചെയ്യുമെന്ന് ഉറപ്പ് !!!

spot_img

Hot Topics

Related Articles

Also Read

ഭരത സ്പർശത്തിലെ ഇതിഹാസങ്ങൾ

0
ഭരതൻ എന്ന പേര് മലയാള സിനിമയ്ക്ക് ഒരു നൂറ്റാണ്ടിന്‍റെ മേൽവിലാസം കൂടിയാണ്. ഭരതനിൽ നിന്നും മലയാള സിനിമ കാല്പനികമായ മറ്റൊരു യുഗത്തിന് ആരംഭം കുറിക്കുകയായിരുന്നു. ഭരതൻ സിനിമകളുടെ അത്ഭുതാവഹമായ കുതിച്ചു ചാട്ടം സിനിമയിൽ ചർച്ചയായി.

പഥേർ പാഞ്ചാലിയിലെ നായിക ഉമാ ദാസ് ഗുപ്ത അന്തരിച്ചു

0
ഇന്ത്യൻ സിനിമയിൽ ദൃശ്യഭാഷയ്ക്ക് വഴിത്തിരിവായ സൂപ്പർ ഹിറ്റ് ക്ലാസ്സിക് ചിത്രമായ സത്യജിത് റായിയുടെ പഥേർ പാഞ്ചാലിയിലെ ദുർഗ്ഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഉമാ ദാസ് ഗുപ്ത അന്തരിച്ചു. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ കൊല്ക്കത്തയിലെ...

തങ്കമണി കൊലക്കേസ് സിനിമയാകുന്നു- ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി  

0
എണ്‍പതുകളുടെ പകുതിയില്‍ കേരള രാഷ്ട്രീയത്തെ പ്രതിക്കൂട്ടിലാക്കിയ ഇടുക്കിയിലെ സംഭവത്തെ ആസ്പദമാക്കിയ ഈ സിനിമയില്‍ നായകനായി എത്തുന്നത് ദിലീപ് ആണ്.

 ‘ഐ ആം കാതലനി’ല്‍  നസ് ലിന്‍ നായകന്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

0
സൂപ്പര്‍ ശരണ്യ, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രം ഐ ആം കാതലനില്‍ നസ് ലിന്‍ നായകനായി എത്തുന്നു. ചിത്രത്തില്‍ അനിഷ്മയാണ് നായികയായി എത്തുന്നത്.

ഓസ്കർ പുരസ്കാര പ്രഥമപട്ടികയിൽ ഇടംനേടി അടുജീവിതത്തിലെ ഗാനങ്ങൾ

0
മലയാള സിനിമ പ്രേമികൾക്കും ഇന്ത്യൻ ചലച്ചിത്ര ലോകത്തിനും അഭിമാനിക്കുവാൻ ഓസ്കർ പുരസ്കാര പ്രഥമപട്ടികയിൽ ഇടംനേടി അടുജീവിതത്തിലെ ഗാനങ്ങൾ. ‘ഇസ്തിഗ്ഫർ,’ ‘പുതുമഴ’ എന്നീ ഗാനങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചത്. 89- ഗാനങ്ങളും 146- സ്കോറുകളുമാണ് മികച്ച...