Thursday, May 1, 2025

ഭീതിദമായ ഇരുണ്ട ഭൂതകാലങ്ങളുടെ നിലവറയ്ക്കുള്ളിലൊരു ‘ഭ്രമയുഗം’

ഭ്രമിപ്പിക്കുന്ന അതിലഭിരമിക്കുന്ന അധികാരത്തിന്റെ നിശബ്ദതയും ആട്ടഹാസവും പ്രതിധ്വനിക്കുന്ന സിനിമ, അതാണ് ഭ്രമയുഗം. “ഇത് ഭ്രമയുഗമാ.. കലിയുഗത്തിന്റെ ഒരു അപഭ്രംശം..” കൊടുമൺ പോറ്റിയുടെ ഭീതിദമായ ചിരിയും വന്യമായ നോട്ടവും അധികാരം കയ്യാളുന്ന മേലധികാരിയും എടുപ്പും ഭാവവും. കൊലച്ചിരിയുടെ ഏറ്റവും മികച്ച മാതൃകയാണ് കുടമൺ പോറ്റിയുടേത്. ഞെട്ടിപ്പിക്കുന്ന അമ്പരപ്പിക്കുന്ന തിയ്യേറ്ററുകളെ ത്രസിപ്പിക്കുന്ന ഗംഭീര വേഷപ്പകർച്ചയുമായി എത്തുന്ന മമ്മൂട്ടിയുടെ അഭിനയ ചാരുതിയിൽ മലയാള സിനിമ വീണ്ടും വീണ്ടും ‘മമ്മൂക്കാ.. മമ്മൂക്കാ’ എന്നു ആരാധനയോടെ ആർപ്പുവിളിച്ചു.

സിനിമയിൽ എത്ര തിരഞ്ഞാലും മമ്മൂട്ടിയെ കാണാൻ കഴിയില്ല. അദ്ദേഹത്തിന്റെ കുടമൺ പോറ്റി വെള്ളിത്തിരയിൽ ആരൂഡനായി നിറഞ്ഞു നിൽക്കുകയായിരുന്നു. അയാളുടെ ചിരി, നോട്ടം, നിശബ്ദത, അട്ടഹാസം മുഴങ്ങി നിന്നു. ഹൊറർ സിനിമകളുടെ പതിവ് ശൈലിയെ പലയിടത്തും തിരുത്തിക്കൊണ്ട് മുന്നോട്ട് കുതിച്ചു ഭ്രമയുഗം. വിഷ്വലിസത്തിന്റെ നൂതന സാങ്കേതികത കുതിച്ചുയരുമ്പോഴും എന്തുകൊണ്ട് ഭ്രമയുഗം പോയകലത്ത് സിനിമയുപേക്ഷിച്ച ബ്ലാക് ആൻഡ് വൈറ്റ് ? എന്ന ചോദ്യത്തിനും കൃത്യമായ ഉത്തരം നമുക്ക് ലഭിക്കും, ആ സിനിമ കണ്ടുകഴിയുമ്പോൾ.

ബ്ലാക് ആൻഡ് വൈറ്റ് ചെസ്സ് ബോർഡിനുള്ളിലെ കളിക്കളങ്ങളാണു കൊടുമൺ പോറ്റിയുടെ മന. അതിനുള്ളിൽ കറുപ്പിലും വെളുപ്പിലും മിന്നിമറയുന്ന ഭീതിദമായ പകിടകളി. അതിൽ ഒരേയൊരു രാജാവായി കൊടുമൺ പോറ്റി വാഴുന്നു. അധികാരത്തിന്റെ ഹുങ്കിന്റെ, അഹന്തയുടെ പ്രതിരൂപമായി അയാൾ നിറഞ്ഞു നിന്ന് കളി തുടരുന്നു. അവസാനം നിസ്സഹായരായി കളിക്കളത്തിൽ ഒറ്റപ്പെട്ടുപോയ രണ്ട് കാലാളുകളെപ്പോലെ പാണനും വീട്ടുവേലക്കാരനും. ഭയത്തിന്റെ അഴിക്കുന്തോറും മുറുകുന്ന പാശമായി മനയും കൊടുമൺ പോറ്റിയും മാറിക്കഴിയുമ്പോൾ പ്രേക്ഷകർ ചെസ്സ് ബോർഡിലെ ഭയചകിതരായ അദൃശ്യ കരുക്കളായി മാറുന്നു. അവിടമാണ് സംവിധായകൻ രാഹുൽ സദാശിവന്റെ വിജയവും.

പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ദക്ഷിണ മലബാറിലെങ്ങാണ്ടോ നടക്കുന്ന ഒരു കഥയാണ് സിനിമയിലെന്ന് പറഞ്ഞുപോകുന്നുണ്ട് തുടക്കത്തിൽ. ധീരരും വീരശൂരപരാക്രമികളുമായ നാടുവാഴികളുടെയും തമ്പുരാക്കന്മാരുടെയും കഥകൾ വാമൊഴിയായി പുകഴ്ത്തിപ്പാടുന്ന ഒരു പാണൻ ആയിടയ്ക്ക് നാട്ടിൽ അരങ്ങേറിയ യുദ്ധത്തിൽ നിന്നും രക്ഷപ്പെട്ട് വിജനവും നിഗൂഡവുമായ കാട്ടിലെ ഒറ്റപ്പെട്ട പഴയ മനയിലെത്തിപ്പെടുന്നതും അവിടുന്നങ്ങോട്ടയാൾ അനുഭവിക്കേണ്ടി വരുന്ന ഭയത്തിന്റെ ക്രൂരതയുമാണ് ചിത്രത്തിലുടനീളം. ഭൂതകാലം എന്ന സിനിമയിലൂടെ പ്രേക്ഷകരെ ഭയത്തിന്റെയും ആകാംക്ഷയുടെയും മുൾമുനയിൽ പിടിച്ചു നിർത്തിയ അതേ രാഹുൽ സദാശിവൻ ഭ്രമയുഗത്തിൽ എത്തിയപ്പോൾ ഭയത്തിലകപ്പെടുത്തി ശ്വാസംപോലും നേരെ വിടാൻ പ്രേക്ഷകരെ സമ്മതിച്ചില്ല എന്നു പറയുന്നതാവും ശരി.

ഇടിഞ്ഞുവീഴാറയായ മൂന്നുനിലയുള്ള പടുകൂറ്റൻ മന. ഉള്ളിൽ അനേകം ഇരുണ്ട നിലവറകൾ. ഭയത്തിന്റെ നിഴലുകൾ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന നീണ്ട ഇടനാഴികൾ. ഭീമൻ നടുമുറ്റത്ത് മനയ്ക്കൊപ്പം  തലയെടുപ്പോടെ വളർന്നു നിൽക്കുന്ന പുൽക്കാടുകൾ . ഉരുണ്ട തൂണുകളിൽ നാഗങ്ങളെപ്പോലെ ചുറ്റിപ്പിണഞ്ഞുകൊണ്ട് കേറിപ്പോകുന്ന വള്ളികൾ, മുള പൊട്ടുന്ന ചെടികൾ, മുറ്റി വളരുന്ന ചിതലുകളും പുറ്റുകളും.. മനയുടെ പരിസരപ്രദേശങ്ങൾ പോലും ഭീതി വിതയ്ക്കുമ്പോൾ അവിടെത്തെ നിശബ്ദതയിൽ നിന്നുയർന്നു കേൾക്കുന്ന കരിയില പൊഴിയുന്ന ഒച്ചയും പ്രകമ്പനം കൊള്ളിക്കുന്നു.

ഭയപ്പെടുന്നവർക്ക് കരിനാഗമാണ് മനയുടെ കോട്ട. അത് ഉടലാകേ ചുറ്റി വരിയും,. സിനിമ കണ്ട് തിയ്യേറ്റർ വിട്ടിറങ്ങുന്ന  ഓരോ പ്രേക്ഷകരും ഇതേ ഭായത്തിന്റെ അനുഭവമാണ് പങ്ക് വെച്ചത്. പതിവ് ഹൊറർ സിനിമകളിൽ നിന്നും അല്പ്പം വഴിമാറി ഭ്രമയുഗം  സഞ്ചരിച്ചതിനെക്കുറിച്ചും പ്രേക്ഷകർ സംസാരിച്ചു. അഥർവ്വത്തിലെ മന്ത്രവാദിക്കും പലേരിമാണിക്യത്തിലെ മൂരിക്കുംകുന്നത്ത് അഹമ്മദ് ഹാജിക്കും  ഭാസ്കരപ്പട്ടേലർക്കും ശേഷം കൊടുമൺ പോറ്റിയിലേക്കുള്ള മമ്മൂട്ടിയുടെ പരകായ പ്രവേശം തിയ്യേറ്ററുകളെ വീണ്ടും വിസ്മയം കൊള്ളിച്ചു, ആവേശത്തിലാഴ്ത്തി. അഭിനയകലയ്ക്ക് ഊടും പാവും ഒത്തിണങ്ങിയ മമ്മൂട്ടിയെ മലയാള സിനിമ വീണ്ടും ഉൾക്കൊണ്ടു, പ്രേക്ഷകരും.

ആദ്യകാല സിനിമയിൽ അഭിനയത്തിലൂടെ കോളിളക്കം സൃഷ്ടിച്ചു കൊണ്ടിരുന്ന മമ്മൂട്ടി തന്റെ 72 മത്തെ വയസ്സിലും പുതുതലമുറയ്ക്ക് പ്രതിഭാസമായി അഭിനയരംഗത്ത് ഇന്നും നിലനിൽക്കുന്നു. ഭ്രമയുഗത്തിലൂടെ അത് വീണ്ടും അദ്ദേഹം തെളിയിച്ചു. ഹൊറർ സിനിമയിൽ ആദ്യമായല്ല , അർജുൻ അശോകൻ. രോമാഞ്ചം എന്ന ഹൊറർ ചിത്രത്തിൽ കണ്ട കഥാപാത്രത്തിൽ നിന്നും ഒരുപാട് മാറ്റങ്ങളാണു തേവൻ എന്ന പാണന്റെ വേഷത്തിൽ  ഭ്രമയുഗത്തിലേത്. തേവന്റെ സുഹൃത്ത് കോരനായി മണികണ്ഠൻ ആചാരിയും ശ്രദ്ധേയമായ അഭിനയമാണ് കാഴ്ച വെച്ചത്. കൊടുമൺ പോറ്റിയുടെ പാചകക്കാരനായി സിദ്ധാർഥ് ഭരതനും മികച്ച അഭിനയമാണ് കാഴ്ച വെച്ചത്. അമൽഡ ലിസയുടെ യക്ഷി വേഷം മമ്മൂട്ടിയ്ക്കൊപ്പം കിടപിടിക്കുന്നതായിരുന്നു എന്നു വേണം വിശേഷിപ്പിക്കുവാൻ.

ഒരു ബ്ലാക് ആൻഡ് വൈറ്റിനുള്ളിലെ ഇരുട്ടും ഇരുണ്ട മനയും കാറ്റും മഴയും ഭീതിയുടെ മുകുളങ്ങളുമായി പ്രേക്ഷകരുടെ മനസ്സിലേക്ക് കയറിക്കൂടുന്നുണ്ട്. അർജുൻ അശോകന്റെയും സിദ്ധാർഥ് ഭരതന്റേയും കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുകയാണ് ഓരോ പ്രേക്ഷകരും. കഥ പറഞ്ഞും ഭീതി നിറച്ചും ഇരുട്ടിലൂടെയുള്ള ആ യാത്രയില് നമ്മളും ഒത്തു ചേരുന്നു. ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി, പച്ച മഞ്ഞ ചുവപ്പ്, മാമാ ആഫ്രിക്ക തുടങ്ങിയ നോവലുകളിലൂടെ നോവൽ സാഹിത്യത്തിൽ ശ്രദ്ധേയനായ എഴുത്തുകാരൻ ടി ഡി രാമകൃഷ്ണന്റെ സംഭാഷണമാണ് ഭ്രമയുഗത്തിൽ. സിനിമയുടെ സത്ത ചോരാതെ സംഭാഷണത്തോട് ഉൾച്ചേർക്കുവാൻ ടി ഡി രാമകൃഷ്ണന് കഴിഞ്ഞത് സിനിമയുടെ മറ്റൊരു വിജയമാണ്.

മുത്തശ്ശിക്കഥകളിലൂടെ ഭീതിയുടെ ചിറകടിയൊച്ചയുമായി പറയുന്നുയരുന്ന കഥ. കൊടുമൺ പോറ്റിയുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന സംഭവങ്ങളെ കോർത്തിണക്കി ബ്ലാക് ആൻഡ് വൈറ്റിൽ  സിനിമ ചെയ്യുമ്പോഴും സാങ്കേതികത ഒട്ടും ചോർന്നു പോകാതെ മിഴിവറ്റു നിൽക്കുകയാണ് ഭ്രമയുഗത്തിൽ. ഭീതിദമായ അട്ടഹാസം, വന്യമായ നിശബ്ദത, ക്രൌര്യമാർന്ന നോട്ടം, ക്രൂരമായ ചിരി, നിഗൂഢമായ ഇരുണ്ട പശ്ചാത്തലം..വിഭിന്നമായ വേഷപ്പകർച്ചയിലൂടെ ഭാവഗരിമയിലൂടെ പ്രേക്ഷകരെ തിയ്യേറ്ററിൽ പിടിച്ചിരുത്താൻ ഭ്രമയുഗം തിയ്യേറ്ററിലേക്ക് എത്താനിനി ഒരു ദിനം മാത്രം. ഭ്രമയുഗത്തിന്റെ തിയ്യേറ്റർ അനുഭവത്തെ കാതിരിക്കുകയാണ് ഓരോ പ്രേക്ഷകരും.

ഷെഹനാദ് ജലാലിന്റെ ഛായാഗ്രഹണവും  ക്രിസ്റ്റോ സേവ്യറുടെ സംഗീതവും ഗംഭീരമായി.  നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ ചേർന്നാണ് ഭ്രമയുഗം നിർമ്മിച്ചിട്ടുള്ളത്. മലയാളം, തമിഴ്, ഹിന്ദി, കന്നട ഭാഷകളിലായി ചിത്രം തിയ്യേറ്ററുകളിലേക്ക്എത്തിയപ്പോൾ തിയ്യേറ്ററുകളിൽ പ്രേക്ഷകർ നിറഞ്ഞു നിന്നു.

spot_img

Hot Topics

Related Articles

Also Read

ജലധാര പമ്പ് സെറ്റ് സിന്‍സ് 1962; ആഗസ്ത് 11 ന്

0
ഇന്ദ്രന്‍സും ഉര്‍വ്വശിയും മത്സരിച്ചഭിനയിക്കുന്ന ചിത്രം ‘ജലധാര പമ്പ് സെറ്റ് സിന്‍സ് 1962’ ആഗസ്ത് 11- മുതല്‍. ചിത്രത്തിന്‍റെ ട്രൈലര്‍ ദിലീപ്, ആസിഫ് അലി, ഇന്ദ്രജിത്ത്, ആന്‍റണി വര്‍ഗീസ്, ലാല്‍ ജോസ്, ധ്യാന്‍ ശ്രീനിവാസന്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവര്‍ പുറത്തിറക്കി.

‘മലയാളി ഫ്രം ഇന്ത്യ’ മികച്ച പ്രതികരണവുമായി രണ്ടാംവാരത്തിലേക്ക്

0
‘മലയാളി ഫ്രം ഇന്ത്യ’ മികച്ച കളക്ഷൻ നേടിക്കൊണ്ട് രണ്ടാം വാരത്തിലേക്ക് കടന്നു. റിലീസ് ചെയ്ത ആദ്യ ദിവസത്തിൽ തന്നെ 8. 26 കോടി രൂപയാണ് ഈ ചിത്രം നേടിയത്.

സംഗീതത്തിന്‍റെ ഇതളടര്‍ന്ന വഴിയിലൂടെ

0
രഘുകുമാറിന്‍റെ സംഗീതത്തിന്‍റെ കൈക്കുമ്പിള്‍ മധുരിക്കുന്ന പാട്ടുകളുടെ അമൂല്യ കലവറയായിരുന്നു. അതില്‍ നിന്ന് മലയാള സിനിമയിലേക്ക് പകര്‍ന്നു നല്കിയ നിധി മലയാളികളുടെ കാതുകളിലൂടെ ഹൃദയത്തിലേക്ക് ഒഴുകി

ദേശീയ പുരസ്കാരത്തിന് മാറ്റ് കൂട്ടി അച്ഛനും മകനും; കീരവാണി മികച്ച പശ്ചാത്തല സംഗീതം, മികച്ച ഗായകനായി കാലഭൈരവ

0
69- മത് ദേശീയ പുരസ്കാര നിറവില്‍ മികച്ച പശ്ചാത്തല സംഗീതത്തിനു കീരവാണി തിരഞ്ഞെടുക്കപ്പെട്ടു.

ആവേശമായി ‘പ്രേമലു 2’- രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ

0
മലയാള സിനിമയും ഇതര ഭാഷസിനിമ പ്രേമികളേയും ആവേശം കൊള്ളിച്ച പ്രേമലു മൂവിയുടെ രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ സംവിധായകൻ ഗിരീഷ് എ ഡി യാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.