നവാഗതരായ യുവപ്രതിഭകളെ മുൻനിർത്തിക്കൊണ്ട് പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് എ കെ സംവിധാനം ചെയ്യുന്ന ചിത്രം മൂൺവാക്ക് പ്രിവ്യൂ ഷോയിൽ ശ്രദ്ധ നേടുന്നു. ചിത്രത്തിന്റെ പ്രീമിയർ ഷോ കാണാനായി നിരവധി പ്രമുഖരാണ് പങ്കെടുത്തത്. “ചീളു പിള്ളേരുടെ ഞെരിപ്പ് പ്രകടനം” എന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി പ്രിവ്യൂ കണ്ടശേഷം അഭിപ്രായപ്പെട്ടത്. ഭഗവത് മാനുവൽ, മേജർ രവി, മഞ്ജു പിള്ള, സുധി കോപ്പ, ടിനു പാപ്പച്ചൻ, ജിസ് ജോയ്, ഗിരീഷ് ഗംഗാധരൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, നിഷാ സാരംഗ്, വിപിൻ അറ്റ് ലി, അഭിമന്യു തിലകൻ, നജീം കോയ, ആൽഫി പഞ്ഞിക്കാരൻ, തുടങ്ങി നിരവധിപേര് ചിത്രത്തിലെ അഭിനേതാക്കളെയും സിനിമയേയും അഭിനന്ദിച്ചു.
വെള്ളിയാഴ്ച മുതൽ മൂൺവാക്കിന്റെ ചിത്രീകരണവും ആരംഭിച്ചു. മാജിക് ഫ്രയിംസ്, ആമേൻ മൂവി മൊണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരിയോടൊപ്പം സംയുക്തമായി ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് മൂൺവാക്ക്. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായിരുന്നു സിനിമയുടെ ചിത്രീകരണം. ശ്രീകാന്ത് മുരളി, വീണ നായർ, മീനാക്ഷി രവീന്ദ്രൻ, സഞ്ജന ദാസ്, തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സുനിൽ ഗോപാലകൃഷ്ണൻ, വിനോദ് എ കെ, മാത്യു വർഗീസ്, എന്നിവരാണു ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം പ്രശാന്ത് പിള്ള, ഗാനരചന വിനായക് ശശികുമാർ, ഛായാഗ്രഹണം അൻസാർ ഷാ, എഡിറ്റിങ് ദീപു ജോസഫ്, കിരൺ ദാസ്.







