നൂതനമായ സംവിധാനമികവു കൊണ്ടും ആശയങ്ങൾ കൊണ്ടും ചലച്ചിത്ര ദൃശ്യാവിഷ്കാരത്തെ സമീപിക്കുന്ന സ്വതന്ത്ര പരീക്ഷണാത്മക സിനിമകളുടെ ഏറ്റവും വലിയ ചലച്ചിത്രോത്സവമായ ഏഴാമത് IEFFK- യ്ക്ക് (independent and experimental film festival of kerala ) കോഴിക്കോട് മെയ് 9- നു തുടക്കം കുറിക്കും. വൈകീട്ട് അഞ്ചുമണിക്ക് കോഴിക്കോട് ഈസ്റ്റ് ഹിൽ കൃഷ്ണമേനോൻ മ്യൂസിയം തിയ്യേറ്ററിൽ വെച്ച് ശ്രീലങ്കൻ സംവിധായിക നദീ വാസല മുദലിയറാച്ചിയാണ് ഉത്ഘാടനം ചെയ്യുക. മെയ് 9- മുതൽ 23- വരെ നടക്കുന്ന ഫെസ്റ്റിവലിൽ എല്ലാദിവസവും രാവിലെ 9- മണി മുതൽ രാത്രി 10 മണിവരെ സിനിമകളുടെ പ്രദർശനം ഉണ്ടാകും.
നദീ വാസല മുദലിയറാച്ചി സംവിധാനം ചെയ്ത ശ്രീലങ്കൻ ചിത്രം ‘ പാൻട്രം’ ആണ് ഉത്ഘാടന ചിത്രം. നിധി സക് സേന സംവിധാനം ചെയ്ത ഹിന്ദി ചിത്രം ‘സാഡ് ലെറ്റേർസ് ഓഫ് ആൻ ഇമാജിനറി വിമെൺ’ ആണ് സമാപന ചിത്രം. ഫെസ്റ്റിവലിന്റെ ഏഴാമത്തെ എഡിഷനിൽ പതിനാല് മലയാള സിനിമകൾ, 12 ഇന്ത്യൻ സിനിമകൾ, 5 ലോക സിനിമകൾ എന്നിവ പ്രദർശിപ്പിക്കും. സംവിധായകരായ രാംദാസ് കടവല്ലൂർ, അർജുൻ എന്നിവരാണു സെലെക്ഷൻ ജൂറി അംഗങ്ങൾ. സംവിധായകരായ അരുൺ കാർത്തിക്, സുധ കെ എസ്, നിരൂപകൻ പി കെ സുരേന്ദ്രൻ എന്നിവരാണു മത്സരവിഭാഗം ജൂറി അംഗങ്ങൾ. ഫെസ്റ്റിവലിൽ ആദ്യമായി ഏർപ്പെടുത്തിയ ഇന്ത്യൻ സിനിമകളുടെ മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിന് 50,000/- രൂപ ക്യാഷ് അവാർഡും നല്കുന്നുണ്ട്.
സംവിധായകരും അണിയറ പ്രവർത്തകരുമായുള്ള ചോദ്യോത്തര വേളകൾ, മീറ്റ് ദി ഡയറക്ടർ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. 13 നു വൈകീട്ട് 6 മണിക്ക് നടക്കുന്ന അവാർഡ് വിതരണച്ചടങ്ങിൽ തമിഴ് സംവിധായകൻ അരുൺ കാർത്തിക്, സംവിധായിക സുധ പത്മജ ഫ്രാൻസിസ്, നിരൂപകൻ പി. കെ സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും. ഡെലിഗേറ്റ് ഫീ 700/- രൂപയും വിദ്യാർഥികൾ 400/- രൂപയും അടക്കണം. സ്പോട്ട് രജിസ്ട്രഷേൻ ഉണ്ടായിരിക്കുന്നതാണ്. 2016-ൽ സ്വർണ്ണപുസ്തക അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ‘വോൾഹാന്തൽ സ്ട്രീറ്റ്’ എന്ന നോവലിലൂടെയാണ് നദീ വാസല മുദലിയറാച്ചി ലോക ശ്രദ്ധ പിടിച്ചുപറ്റുന്നത്. കൂടാതെ പെയിന്റിങ്, എഴുത്ത്, സിനിമ, കവിത, ഉപന്യാസങ്ങൾ, വിമർശനം എന്നി കലകളിലും നിപുണയാണ് മനുഷ്യാവകാശ പ്രവർത്തകകൂടിയായ നദീ വാസല മുദലിയറാച്ചി.