Saturday, March 7, 2026
spot_img
HomeActors“ഏതോ ജന്മകല്പനയി"ലെ 'ചാമര'വും 'പാളങ്ങളും' മദനോത്സവ'വും

“ഏതോ ജന്മകല്പനയി”ലെ ‘ചാമര’വും ‘പാളങ്ങളും’ മദനോത്സവ’വും

“ഏതോ ജന്മകല്‍പനയില്‍ ഏതോ ജന്മവീഥികളില്‍” മലയാളി മനസ്സിലേക്ക് തീവണ്ടിയുടെ വേഗതയിൽ കുതിച്ചുകയറി പാട്ടിലൂടെ മെല്ലെ നടന്നു നീങ്ങുന്ന സെറീന വഹാബ് എന്ന അഭിനേത്രി വളരെ പെട്ടെന്നുതന്നെ മലയാളികളില്‍ ഒരാളായി മാറുകയായിരുന്നു.  ഭരതന്‍റെയും പത്മരാജന്‍റെയും സിനിമകളിലൂടെയാണ് സെറീന വഹാബ് മലയാള സിനിമയുടെ പ്രിയങ്കരിയാകുന്നത്. ഹിറ്റ് ചിത്രങ്ങളായ ചാമരവും പാളങ്ങളും മദനോല്‍സവവും മലയാള സിനിമയിലെ മറക്കാനാകാത്ത ചിത്രങ്ങളായിരുന്നു. ഈ സിനിമകളിലെയെല്ലാം അഭിനേതാക്കള്‍ കഥാപാത്രങ്ങളായി നടിക്കുകയല്ല, ജീവിക്കുകയായിരുന്നു എന്നു അടിവരയിട്ട് പറയാം.

 ആന്ധ്രാപ്രദേശിലെ വിശാഖ പട്ടണത്തില്‍ ജനിച്ചു വളര്‍ന്ന സെറീന വഹാബ് മലയാളി അല്ലെങ്കില്‍ കൂടിയും മലയാളികളുടെ പ്രിയങ്കരിയായി മാറിയിരുന്നു. മത സമുദായിക നിയമങ്ങളൊന്നും അവര്‍ക്കോ അവരുടെ കലയേയൊ ബാധിച്ചതേയില്ല. പൂനെ ഫിലിം ആന്‍റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് ഇന്ത്യയില്‍ പഠിച്ച സെറീന മികച്ച സിനിമകളിലൂടെ ചലച്ചിത്ര നിരൂപകരുടെ ശ്രദ്ധനേടി. തെലുങ്കിലും ഹിന്ദിയിലും മലയാളത്തിലുമായി വിവിധ ഭാഷകളിലെ പ്രശസ്ത സിനിമകളില്‍ മികച്ച കഥാപാത്രമായി എത്തിയ സെറീന വഹാബ് സിനിമപ്രേമികളുടെ ശ്രദ്ധ നേടിയെടുക്കുകയായിരുന്നു. 

ചലച്ചിത്ര നിര്‍മാതാവായ സെറീന വഹാബ് തന്‍റെ അഭിനയ ജീവിതത്തിനു അരങ്ങേറ്റം കുറിക്കുന്നത്  നിര്‍മാതാവായ രാജ് കപൂറിനൊപ്പമാണ്. പിന്നീട് നിരവധി ഭാഷാചിത്രങ്ങളില്‍ സെറീന വഹാബിന്‍റെ കഥാപാത്രങ്ങള്‍ നിറഞ്ഞു നിന്നു. മലയാളത്തില്‍ സെറീന വഹാബ് ശ്രദ്ധേയയാകുന്നത് ചാമരം, മദനോത്സവവും, പാളങ്ങളുമാണ്. 1974 ല്‍ ഹിന്ദി ചിത്രമായ ‘ഇഷ്ക് ഇഷ്ക് ‘ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തില്‍ സെറീന വഹാബ് ആദ്യമായി അരങ്ങേറ്റം കുറിക്കുന്നത് 1978- ല്‍ എന്‍. ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത് കമലഹാസന്‍ നായകനായി എത്തിയ ‘മദനോല്‍സവം’ എന്ന ചിത്രത്തിലൂടെയാണ്. ആദ്യ ചിത്രം സൂപ്പര്‍ ഹിറ്റായതോട് കൂടി നിരവധി കഥാപാത്രങ്ങള്‍ സെറീന വഹാബിനെ തേടിയെത്തുകയായിരുന്നു . സിനിമകളില്‍ മാത്രമല്ല, എത്രയോ ഹിറ്റ് പാട്ടുകളിലും സെറീന വഹാബ് തന്നെ പ്രേക്ഷകരെ ഓര്‍മ്മിപ്പിക്കുന്നു. ഏതോ ജന്മകല്‍പനയില്‍, നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍, സന്ധ്യേ കണ്ണീരിലെന്തേ സന്ധ്യേ… തുടങ്ങിയ പ്രണയോന്മാദമായ കഥാപാത്രങ്ങളെക്കൊണ്ട് ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും അവര്‍ നിറഞ്ഞു നിന്നു.

അപ്രതീക്ഷിതമായി കണ്‍മുന്നില്‍ വെച്ച് വണ്ടിയിടിച്ച് കാമുകന്‍ കൊല്ലപ്പെടുകയും ഏകാന്തതയും വിഷാദവും ഘനീഭവിച്ചു നില്‍ക്കുന്ന കറുത്ത നട്ടുച്ചയില്‍ ‘ഏതോ ജന്മകല്‍പനയി’ലെന്ന പോലെ ഉഷ (സെറീന വഹാബ് ) മറ്റൊരു നാടു തേടി വളഞ്ഞും പുളഞ്ഞും കിടക്കുന്ന അനന്തമായ റെയില്‍ പാളത്തിലൂടെ നടന്നു പോകുന്ന കാഴ്ച നമ്മെ വല്ലാതെ പിടിച്ചുലച്ചു കളയും. ആ വേനലിനെ വെല്ലുന്ന ഇരട്ടി താപമുള്ള ഒരു മനസ്സ് അവരുടെ ഉള്ളില്‍ കിടന്നു എത്രമാത്രം വേവുന്നുണ്ടായിരിക്കണം. ഉഷ എന്ന കഥാപാത്രമായി സെറീന വഹാബ് ആ സിനിമയിൽ ജീവിക്കുകയായിരുന്നു എന്നു വേണം വിലയിരുത്താന്‍.

ഉഷ എന്ന കഥാപാത്രം നമുക്ക് മുന്നിലൂടെ നടന്നു പോകുമ്പോള്‍ പാട്ടിനൊപ്പം നമ്മുടെയും ഉള്ളോന്നു വിങ്ങും. പോകാനിടമില്ലാതെ നീണ്ടു നില്‍ക്കുന്ന പാളങ്ങള്‍ക്ക് നടുവില്‍ അലക്ഷ്യമായി നടന്നു നീങ്ങുന്ന ഉഷ ,സൌന്ദര്യ ബോധത്തിന്‍റെ കണിക അവശേഷിക്കാതെ വാരിവലിച്ചു ഉടുത്തു എന്നു വരുത്തി തീര്‍ത്ത നിറം മങ്ങിയ കോട്ടണ്‍ സാരിയില്‍ പൊതിഞ്ഞ ഉഷ , എണ്ണ മയമില്ലാതെ പാറിപ്പറന്ന മുടിയിഴകള്‍ നെറ്റിയില്‍ പറ്റിപ്പിടിച്ചതിനിടയില്‍ മങ്ങി ഉദിച്ച /അസ്തമിക്കാന്‍ വെമ്പുന്ന ചുവന്ന വലിയ പൊട്ടണിഞ്ഞ ഉഷ, ഏതോ ജന്‍മത്തിനപ്പുറത്തേക്കാണ് നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നത്.

ഭരതന്‍ എന്ന അതുല്യ കലാകാരന്‍റെ സംവിധാനത്തില്‍ ഓരോ നോവല്‍ എന്ന പോലെ ചാമരം തരുന്നത് ദൃശ്യാനുഭൂതി മാത്രമല്ല, വായനയുടെ മറ്റൊരു അനിര്‍വചനീയമായ സുഖം കൂടിയാണ്. ചാമരം ഒരു കാലഘട്ടത്തെ സിനിമയല്ല ,അതൊരു പക്ഷേ എല്ലാ കാലത്തെയുമാണ്. അലിഖിതമായ സദാചാര നിയമാവലികളെ കാറ്റില്‍ പറത്തിയ സിനിമ. ഗുരു –ശിഷ്യ ബന്ധത്തിനു കല്‍പ്പിച്ചു നല്കിയ എല്ലാ മാനദന്ധങ്ങളെയും ‘ചാമരം‘ നിഷേധിച്ചു. അവിടെ വിദ്യാര്‍ഥിയും അധ്യാപികയും തമ്മില്‍ അഗാധമായി പ്രണയിച്ചു, വിവാഹം കഴിക്കുവാന്‍ തീരുമാനിച്ചു. എന്നാൽ ക്യാംപസ് ചുവരുകളിലും സമൂഹത്തിലും അവര്‍ ചെളി വാരിയെറിയപ്പെട്ടു. പിന്നീട് 2015- ൽ മലര്‍ മിസിനെ പ്രണയിക്കുന്ന പ്രേമം സിനിമ പുറത്തു ഇറങ്ങിയപ്പോഴും ‘ചാമരം’ വീണ്ടും ചര്‍ച്ചാ വിഷയമായി.

കൌമാരത്തിന്‍റെ എല്ലാ തീയ്ക്കും എക്കാലത്തും ഒരേ ആളിക്കത്തല്‍ തന്നെയാണെന്ന് 1980 ല്‍ പുറത്തിറങ്ങിയ ‘ചാമര’വും ‘പ്രേമ’വും തെളിയിച്ച് കഴിഞ്ഞിരുന്നു . അധ്യാപികയായ ഇന്ദുവായി  എത്തിയത് സെറീന വഹാബും വിദ്യാര്‍ഥിയായ വിനോദ് എന്ന കഥാപാത്രമായി എത്തിയത് പ്രതാപ് പോത്തനുമായിരുന്നു. ഭരതന്‍ ടച്ചില്‍ സറീന വഹാബിന്‍റെ ഇന്ദു എന്ന കഥാപാത്രം വെള്ളിത്തിരയില്‍ നിറഞ്ഞാടുകയായിരുന്നു എന്നു വിശേഷിപ്പിക്കാം. ചിത്രകലയുടെയും സംവിധാന കലയുടെയും ശില്പകലയുടെയും സംഗീതത്തിന്റെയും  മാസ്മര ചാരുത ഭരതന്‍ സിനിമകളിലെന്ന പോലെ ‘ചാമര’ത്തിലെ ഇന്ദു എന്ന കഥാപാത്രമായി സെറീന വഹാബ് തിളങ്ങി നിന്നു. രതിയുടെയും പ്രേമത്തിന്റെയും സംഘര്‍ഷങ്ങളുടെയും ഗൂഢമായ ഉന്മാദ ഭാവത്തെ വളരെ മനോഹരമായി ശില്‍പത്തില്‍ എന്ന പോലെ ഇന്ദു എന്ന കഥാപാത്രത്തെ തന്‍റെ മനസ്സിലേക്കും ശരീരത്തിലേക്കും ഒരു പോലെ ആവേശിച്ചിരുത്തുവാന്‍ സറീന വഹാബിന് കഴിഞ്ഞിട്ടുണ്ട്.

ഓരോ കഥാപാത്രങ്ങളിലും അവര്‍ മനം നിറഞ്ഞു ജീവിച്ചു. തിരക്കുകളില്‍ നിന്നും തിരക്കുകളിലൂടെ അവര്‍ ഭാഷകളില്‍ നിന്നു ഭാഷകളിലൂടെ നിരവധി കഥാപാത്രങ്ങളായി അണിഞ്ഞൊരുങ്ങി. മലയാളത്തില്‍ കുറച്ചു വേഷങ്ങളെ കൈകാര്യം ചെയ്തുള്ളൂ എങ്കിലും ഓരോന്നും ഹൃദ്യസ്പര്‍ശിയായിരുന്നു. മലയാളത്തിലെ കന്നി ചിത്രമായ ‘മദനോത്സവ’ത്തിലെ എലിസബത്ത്, ‘സ്വത്തി’ലെ രോഹിണി, ‘ശരവര്‍ഷ’ത്തിലെ സവിത, ‘ചൂടാത്ത പൂക്കളി’ലെ ശ്രീദേവി, ‘പുന്നാരം ചൊല്ലി ചൊല്ലി’യിലെ വിനോദിനി, ‘ആദാമിന്‍റെ മകനി’ലെ ഐഷുമ്മ, ‘ആഗതനി’ലെ മാലതിത്തമ്പുരാട്ടി, ‘കലണ്ടറി’ലെ തങ്കം, ‘മനസ്സറിയാതെ’യിലെ സിന്ധു, ‘വീടി’ലെ സുമി, ‘വിശ്വാസപൂര്‍വം മന്‍സൂറി’ലെ  സൈറാ ബാനു, ‘ആന്‍ഡ് ദി ഓസ്കാര്‍ ഗോസ് ടു’ വിലെ ഉമ്മുക്കുല്‍സു, തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളത്തില്‍ നല്ല കഥാപാത്രങ്ങളെ സമ്മാനിച്ചിരിക്കുകയാണ് സെറീന വഹാബ്. 2021- ല്‍ മധു വാര്യര്‍ സംവിധാനം ചെയ്ത ‘ലളിതം സുന്ദരം’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ അഭിനയം കാഴ്ച വെച്ചു. അന്യ നാട്ടുകാരിയെങ്കിലും മലയാളനാട് തന്ന സ്നേഹത്തിനും അംഗീകാരത്തിനും ഒത്തിരി സന്തോഷിക്കുന്ന അഭിനേത്രി…എങ്കിലും മലയാളികള്‍ക്ക് സെറീന വഹാബ് എന്നാല്‍ ഇന്നും ‘പാളയങ്ങളി’ലെ നിര്‍ന്നിമേഷയായി ഒറ്റയ്ക്ക് ഏതോ ജന്മകല്‍പടവിലേക്ക് പോകുന്ന ഉഷയാണ്, ചാമരത്തിലെ ഇന്ദു വാണ്….!

- Advertisement -

spot_img

Worldwide News, Local News in London, Tips & Tricks

spot_img

- Advertisement -