Friday, May 2, 2025

സിനിമയുടെ ‘കൂടെ ‘ അഞ്ജലി മേനോൻ

കഥ തിരക്കഥ സംവിധാനം -അഞ്ജലി മേനോൻ… വെള്ളിത്തിരയിലെ സ്‌ക്രീനുകളിൽ ഈ പേര് തെളിഞ്ഞു വന്നപ്പോൾ കാഴ്ചക്കാർ തെല്ലൊരമ്പരപ്പാർന്ന കാതുകത്തോടെ ഇതാരെന്നു ഉറ്റുനോക്കിക്കൊണ്ടിരുന്നു. സിനിമ മേഖലയിൽ നിന്നും സംവിധാനകലയില്‍ നിന്നും അപൂര്‍വമായി ഉയർന്നു വരുന്ന സ്ത്രീ നാമം. അതും പുരുഷന്മാരായ സംവിധായകരെക്കൊണ്ടും തിരക്കഥാകൃത്തുക്കളെക്കൊണ്ടും നിറഞ്ഞു നിന്ന സാമ്രാജ്യത്തിലേക്ക് കടന്ന് വന്ന സ്ത്രീ. കൗതുകം തോന്നുക സ്വാഭാവികം. ഒരിക്കലും സ്ത്രീകൾക്ക് സാധ്യമല്ലെന്ന് തോന്നുന്നിടത്തേക്ക് ഒരു പെണ്ണ് കേറി വന്നിരിക്കുന്നു, അതും മലയാള സിനിമയിൽ. സിനിമകളിൽ അഭിനയിക്കുകയോ മറ്റു സംവിധായകരുടെ കൂടെ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല ഈ കലാകാരി. എന്നാലോ ചെയ്ത സിനിമകളെല്ലാം സൂപ്പർ ഹിറ്റാവുകയും ചെയ്തു. രേവതിക്കും ഗീതുമോഹൻദാസിനുമൊപ്പം അഞ്ജലി മേനോൻ എന്ന സംവിധായികയുടെ പേരും ചേർക്കപ്പെട്ടു.

സ്ത്രീയായത് കൊണ്ട് തന്നെ തന്‍റെ ജീവിതത്തിന്‍റെ കരിയറിൽ മാറ്റങ്ങളുടെയും അഭിമാനത്തിന്‍റെയും പ്രശസ്തിയുടെയും വെല്ലുവിളികളുടെയും ലോകമായിരിക്കുമെന്ന് ഒരിക്കലും നിനച്ചിരുന്നില്ല അഞ്ജലി മേനോൻ. ചേട്ടന്മാരുടെ പാത പിന്തുടർന്ന് എം ബി എ പഠനത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു അവരും. ദുബായിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അഞ്ജലി മേനോൻ പിന്നീട് എം ബി എ എന്ന ലക്ഷ്യത്തിൽ നിന്നും വഴിമാറി പൂനെ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം സ്വന്തമാക്കി. എഴുപത്തിയഞ്ചു വയസ്സോളം പ്രായമുള്ള ഭട്ട് അങ്കിളുമായുള്ള ചങ്ങാത്തമായിരുന്നു അഞ്ജലി മേനോന്‍റെ കരിയറിൽ പുതിയൊരു വഴിത്താര തെളിഞ്ഞു വന്നത്. രണ്ടു പേരും തമ്മിൽ എഴുതിയിരുന്ന കത്തുകളിൽ സാഹിത്യവും സംഗീതവും നൃത്തവുമെല്ലാം ചർച്ച ചെയ്യപ്പെട്ടിരുന്നു. കൂട്ടത്തിൽ അദ്ദേഹത്തിന്‍റെ “എം ബി എ അല്ലാതെ മറ്റു ഓപ്‌ഷനുകളും നോക്കിക്കൂടെ”എന്ന നിർദ്ദേശത്തിലൂടെയായിരുന്നു നമുക്ക് ഇന്ന് കിട്ടിയ മലയാള സിനിമയുടെ അഭിമാനമായ അഞ്ജലി മേനോൻ.

സിനിമയിലേക്ക് യാതൊരു മുഖവുരയില്ലാതെ കടന്നു വന്ന സംവിധായിക. ഔപചാരികതയുടെ പേരിലു ള്ള അടയാളപ്പെടുത്തലുകളോ, പരിചയപ്പടുത്തലോ ഇല്ലാതെ സിനിമ പിടിക്കുന്നു ആ സിനിമയുമായി പ്രേക്ഷകരെ സമീപിക്കുന്നു ദീർഘമായ കയ്യടികൾ സ്വന്തമാക്കുന്നു അംഗീകാരങ്ങൾ സ്വീകരിക്കുന്നു… ഇത്രയുമായിരുന്നു മലയാളികൾക്ക് തുടക്കകാരിയായ അഞ്ജലി മേനോൻ. ഇവർ ആരെന്ന പലരുടെയും ചോദ്യങ്ങൾക്ക് മുന്നിൽ അവർ സ്വയം അടയാളപ്പെടുത്തിയതും പരിചയപ്പെടുത്തിയതും ഹിറ്റ് സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച ഒരു വനിതാ സംവിധായിക എന്ന അടിക്കുറിപ്പോടെ തന്നെ. കാരണം സിനിമ ഒരു സ്ത്രീ സംവിധാനം ചെയ്യുന്നു എന്ന കാര്യത്തിൽ അത്ഭുതം കൊള്ളുന്ന നെറ്റി ചുളിക്കുന്ന സമൂഹത്തിൽ അതാണ് അനുയോജ്യമെന്ന് അനുഭവങ്ങൾ അവരെയും പഠിപ്പിച്ചിട്ടുണ്ടാകണം.

മലയാള സിനിമയിൽ സ്ത്രീ സംവിധായകരുടെയും എഴുത്തുകാരുടെയും കാലാകാലങ്ങളായുള്ള വലിയൊരു ശൂന്യത നിഴലിച്ചു കിടപ്പുണ്ട്. ഒരു പക്ഷെ അതങ്ങനെ തന്നെ കിടക്കട്ടെ എന്ന മട്ടിൽ അദൃശ്യമായൊരു പാരമ്പര്യത്തിന്‍റെയും പുരുഷാധികാരത്തിന്‍റെയും പരുക്കമാർന്നൊരു ചങ്ങലയുടെ അറ്റം ഇന്നും എവിടെയോ കിടക്കുന്നു. അത്തരം പ്രതിസന്ധികൾ തരണം ചെയ്തായിരുന്നു അഞ്ജലി മേനോൻ 2000ൽ ലണ്ടൻ ഫിലിം സ്കൂളിൽ നിന്ന് സംവിധാനകലയിൽ ബിരുദം നേടിയതും പിന്നീട് തിരക്കഥാകൃത്തും സംവിധായികയായതും.പല അഭിമുഖങ്ങളിലും വേദികളിലും ഈ അനുഭവത്തിന്‍റെ വെളിപാടുകളെ അവർ “സ്ത്രീ ആണെന്നുള്ളത് തന്നെയാണ് സംരംഭകയാകാനുള്ള ഏറ്റവും വലിയ മൂലധനം “എന്ന് അടയാളപ്പെടുത്തുന്നു. 2012ൽ ഇറങ്ങിയ ‘മഞ്ചാടിക്കുരു’ എന്ന പൃഥ്വിരാജിനെ നായകനാക്കി നിർമിച്ച ചിത്രമായിരുന്നു അഞ്ജലി മേനോന്‍റെ ആദ്യ സിനിമ. ഒരു പാട് വെല്ലുവിളികളും ഒറ്റപ്പെടുത്തലുകളും നേരിട്ട ആദ്യ ചിത്രം. സാമ്പത്തികമായും മാനസികമായും ഒരു സ്ത്രീ എന്ന നിലയിൽ ആദ്യ വെല്ലുവിളികൾ നേരിട്ട ചിത്രം കൂടിയായിരുന്നു ‘മഞ്ചാടിക്കുരു’. പിന്നീട് 2008ൽ കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മഞ്ചാടിക്കുരുവിനു മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം ലഭിച്ചു. ഈ ചിത്രത്തിന് സംവിധാനം മാത്രമല്ല, തിരക്കഥയും അഞ്ജലി മേനോൻ തന്നെയായിരുന്നു. മാത്രമല്ല, ഈ ചിത്രത്തിലൂടെ മികച്ച സംവിധായികയ്ക്കുള്ള ഹസ്സൻ കുട്ടി പുരസ്‌കാരവും ലഭിച്ചു. പിന്നീട് 2012 ൽ ‘മഞ്ചാടിക്കുരു’വിൽ മികച്ച തിരക്കഥാകൃത്തിനുള്ള കേരള സംസ്ഥാന ഫിലിം അവാർഡ് ലഭിക്കുകയും ചെയ്തു.

മലയാളത്തിൽ സംവിധായകൻ രഞ്ജിത്തിന്‍റെ നേതൃത്വത്തിൽ ഇറങ്ങിയ ‘കേരള കഫെ’ എന്ന ചിത്രത്തിലൂടെയാണ് അഞ്ജലി മേനോൻ എന്ന നവാഗത സംവിധായിക ‘മഞ്ചാടിക്കുരു’വിനു മുന്നേ വെള്ളിത്തിരയിൽ പരിചിതയാകുന്നത്. ഷാജി കൈലാസ്, അൻവർ റഷീദ്, ശ്യാമ പ്രസാദ്, ബി ഉണ്ണികൃഷ്ണൻ, രേവതി, പത്മകുമാർ എന്നി പ്രശസ്തരായ സംവിധായകരുടെ കൂടെ പുതുമുഖമായ അഞ്ജലിയുടെ പേരും എഴുതപ്പെട്ടു. ഇതിൽ അഞ്ജലി മേനോൻ നിത്യാമേനോനെയും ജഗതി ശ്രീകുമാറിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാ നം ചെയ്ത ‘ഹാപ്പി ജേർണി ‘എന്ന ഹ്രസ്വ ചിത്രം ‘കേരള കഫെ’യിലെ മറ്റു ചിത്രങ്ങൾക്കൊപ്പം ശ്രദ്ധയാകർഷിച്ചു.എന്നാൽ ‘മഞ്ചാടിക്കുരു’വിലൂടെയാണ് അഞ്ജലി മേനോൻ എന്ന വ്യക്തിത്വം അവരുടെ സ്വാതന്ത്ര്യത്തിൽ കൂടുതൽ പരുവപ്പെടുന്നത്. കുട്ടിക്കാലത്തെ ഓർമ്മകളും നഗരത്തിൽ നിന്നും ഗ്രാമീണ സംസ്കൃതിയിലേക്കുള്ള ഒരു കുട്ടിയുടെ കടന്ന് വരവും കുടുംബ ബന്ധങ്ങളുടെ ആഴവും പരപ്പും സൗഹൃദങ്ങളും ഇഴചേർന്ന കുട്ടിക്കാലം ‘മഞ്ചാടിക്കുരു’വിന്‍റെ പിറവിക്ക് കാരണമായിട്ടുണ്ട് എന്ന് അഞ്ജലി മേനോൻ പറയുന്നു.

വെറുതെ കഥ പറഞ്ഞു പോകുക… അതും കേട്ടു കേട്ട് തഴമ്പിച്ച കഥകളുടെ ആവർത്തനം തുടരുക.. എന്നാൽ അഞ്ജലി മേനോൻ സ്വീകരിച്ച കഥാശൈലി തികച്ചും വ്യത്യസ്തമായിരുന്നു.കേട്ട് ശീലിച്ച കഥകളെ വ്യത്യസ്തമായി അവതരിപ്പിക്കുക. അഞ്ജലി മേനോൻ സിനിമകൾ പറഞ്ഞ കഥകളെ നീണ്ട കരഘോഷത്തോടെയായിരുന്നു പ്രേക്ഷകർ സ്വീകരിച്ചത്. വ്യത്യസ്തമാർന്ന കലാമൂല്യമുള്ള സിനിമകൾ സമ്മാനിക്കുക, പ്രേക്ഷകരുടെ അംഗീകാരം നേടുക എന്ന കാഴ്ചപ്പാടോടെ ആയിരുന്നു അഞ്ജലി മേനോൻ സിനിമയെ സമീപിച്ചത്. 2012 ൽ അൻവർ റഷീദിന്‍റെ സംവിധാനത്തിൽ അഞ്ജലി മേനോൻ തിരക്കഥ എഴുതി പുതുമുഖ നടനായ ദുൽഖർ സൽമാനെ നായകനാക്കി നിർമിച്ച ‘ഉസ്താദ് ഹോട്ടൽ’ മലയാള സിനിമയുടെ വേറിട്ടൊരു ശൈലി പ്രേക്ഷകർ വെള്ളിത്തിരയിൽ കണ്ടു. നിത്യ മേനോൻ, തിലകൻ, ലെന, മാമുക്കോയ, സിദ്ദിഖ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തി. ദുൽഖറിന്‍റെ ഫൈസലും,തിലകന്‍റെ കരീം, നിത്യ മേനോന്‍റെ ഷഹാന, സിദ്ദിഖിന്‍റെ റസാക്ക് അഹമ്മദ് എന്നി കഥാപാത്രങ്ങളിലൂടെ നമുക്ക് സമ്മാനിച്ച നമ്മുടേതായ നഷ്ടപ്പെട്ട ഓർമകളും ഗൃഹാതുരതയും തിരിച്ചു കൊണ്ടു വരാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. എം ബി എ പഠനം ഉപേക്ഷിച്ചു പാചകകല തേടിപ്പോകുന്ന ഫൈസിയും അവന്‍റെ ആഗ്രഹങ്ങളിൽ കൂട്ടാകുന്ന കരീമും മറക്കാനാകാത്ത കഥാപാത്രങ്ങളാണ്.കോഴിക്കോടൻ ദം ബിരിയാണിയുടെ മണവും രുചിയും നൽകിയ ഉപ്പുപ്പായും കൊച്ചു മകനും ഷഹാനയും അഭിനയിച്ചു ഹിറ്റാക്കിയ ചിത്രം കൂടിയായിരുന്നു ‘ഉസ്താദ് ഹോട്ട ൽ’. 2013ൽ ഈ ചിത്രത്തിലെ മികച്ച സംഭാഷണത്തിനു അഞ്ജലി മേനോൻ ദേശീയ ചലച്ചിത്ര അവാർഡ് സ്വന്തമാക്കി.

‘ബാംഗ്ലൂർ ഡെയ്‌സി’ലൂടെ വീണ്ടും സംവിധായികയും തിരക്കഥാകൃത്തുമായി കടന്ന് വന്ന അഞ്ജലി മേനോൻ മലയാള സിനിമയിൽ ശ്രദ്ധേയയായ സംവിധായികയായി മാറി. പല വ്യക്തികളുടെയും പല ലോകങ്ങൾ തമ്മിലുള്ള സംഗമമാണ് ‘ബാംഗ്ലൂർ ഡെയ്‌സിൽ’. ദുൽക്കർ സൽമാൻ, നിവിൻ പോളി, നസ്രിയ നസീം, ഫഹദ് ഫാസിൽ, പാർവ്വതി തിരുവോത്ത് ., ഇഷ തൽവാർ, നിത്യ മേനോൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. കസിൻസും സുഹൃത്തുക്കളുമായ അർജുനും(ദുൽക്കർ സൽമാൻ), കുട്ടനും (നിവിൻ പോളി ),ദിവ്യയും (നസ്രിയ നസീം) ബാംഗ്ലൂരിൽ എത്തുന്നതോടെയുള്ള കഥയാണ് സിനിമയെ മുന്നോട്ട് കൊണ്ടു പോകുന്നത്. ശാരീരിക വൈകല്യമുള്ള റേഡിയോ അവതാരിക സാറയും (പാർവ്വതി ) അർജുനും തമ്മിലുള്ള സ്നേഹവും ദിവ്യയും ദാസും തമ്മിലുള്ള ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകളും പുതിയ കാലത്തിന്‍റെ അടിച്ചു പൊളി ജീവിതത്തിന്‍റെ വർണ്ണപ്പകിട്ടുകളും ആരവവുമെല്ലാം ഭംഗിയോടെ ദൃശ്യവൽക്കരിച്ചിരിക്കുന്നു അഞ്ജലി മേനോൻ. കാഴ്ചക്കാരുടെ മനസ്സിൽ ഓരോ കഥാപാത്രങ്ങളുടെ ഓരോ ബിംബവും ആഴത്തിൽ പതിഞ്ഞിരുന്നു. കാരണം അതിലെല്ലാം നമ്മുടെയെല്ലാം അംശം പതിഞ്ഞിരിപ്പുണ്ട്. 2014ൽ ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.

പ്രതിസന്ധികളെ തരണം ചെയ്ത് അഞ്ജലി മേനോൻ വിജയം നേടിയ ചിത്രമാണ് 2018ലെ ‘കൂടെ ‘. മനുഷ്യ ബന്ധങ്ങളുടെ സ്നേഹവും കരുതലും ദുഖവും നിറഞ്ഞ ആത്മാക്കൾ അഞ്ജലി മേനോന്‍റെ കഥാപാത്രങ്ങൾക്കുണ്ട്. ‘കൂടെ’യിൽ ജോഷ് (പ്രിത്വിരാജ് ), എന്ന സഹോദരന്‍റെയും അവന്‍റെ അനുജത്തി ജെനിൻ (നസ്രിയ നസിം )ന്‍റെയും കഥ ഹൃദയ സ്പര്ശിയായി അഞ്ജലി മേനോൻ അവതരിപ്പിച്ചു. സഹോദരബന്ധത്തിന്‍റെ കഥയിൽ അലിഞ്ഞു ചേർന്ന ചിത്രം പ്രവാസ ജീവിതത്തിന്‍റെ മറ്റൊരു മുഖവും സ്‌ക്രീനിൽ നിന്നും ജീവിതത്തിലേക്ക് വെളിച്ചം വീശുന്നു. ചെയ്തതിലെല്ലാം വിജയം കൈവരിക്കുക എന്നതാണ് അഞ്ജലി ചിത്രങ്ങളുടെ സവിശേഷത. ഒരു സ്ത്രീ സിനിമ ചെയ്യുമ്പോഴുണ്ടാകുന്ന ജീവിതത്തിന്‍റെ പ്രതിസന്ധികളെയെല്ലാം ഒരു പാവയെപ്പോലെ ചലിക്കാതെ അവർ അതിനെതിരെ തന്‍റെ കഴിവുകൾ കൊണ്ടു അതിജീവിച്ചു. അതിനിടയിലവർ 2000ൽ ബ്ളാക്ക് നോർ വയിറ്റ്, ദി ടൈംഓഫ്‌ ബ്ലോസം, കല്യാണി, ഇള വെയ്‌റ്റിങ് വിമൻ, തുടങ്ങി നിരവധി ഷോർട് ഫിലിമുകൾ ചെയ്തു. കൂടാതെ 2006ൽ മുബൈയിൽ ലിറ്റിൽ ഫിലിംസ് എന്ന പേരിലൊരു നിർമാണ കമ്പനിയും സ്ഥാപിച്ചു.

സ്ത്രീകൾ കടന്നു വരാൻ മടിച്ചു നിൽക്കുന്ന സിനിമയിലെ എഴുത്തിന്‍റെയും സംവിധാനത്തിന്‍റെയും കലാ മേഖലയിൽ സധൈര്യം കടന്ന് വന്ന അഞ്ജലി മേനോൻ എന്ന പെൺകുട്ടിയുടെ സിനിമകൾക്കെല്ലാം അവര്‍ വിസ്മയത്തോടെ ആദ്യമായി കണ്ട ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളോ’ളം തന്നെ ഗന്ധമുണ്ടായിരുന്നു.സിനിമയിൽ പ്രേക്ഷകർ എന്താഗ്രഹിക്കുന്നുവോ അത് നൽകുമ്പോഴാണ് കല വിജയിക്കുന്നത് എന്ന ഒരു മികച്ച സംവിധായികയുടെ തിരിച്ചറിവാണ് അവരുടെ കലാവിജയവും.അഞ്ജലി മേനോൻ മലയാള സിനിമയുടെ മാത്രമല്ല, വളർന്നുവരുന്ന സ്ത്രീകൾ കടന്നു വരാൻ മടിക്കുന്ന എഴുത്തിന്‍റെയും സംവിധാനത്തിന്‍റെയും സിനിമാമേഖലയിലേക്കുള്ള മാതൃകയും പ്രതീക്ഷയുമാണ്.

spot_img

Hot Topics

Related Articles

Also Read

‘പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര’യുമായി സിന്റോ ആൻറണി

0
സിന്റോ ആൻറണി സവിധാനം ചെയ്യുന്ന പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കൊച്ചിയിലെ റോയൽ ട്രൈബ്യൂട്ട് സ്യൂട്ടിൽ വെച്ച് നടന്നു. ബിജു ആൻറണിയുടെ ബെൻഹർ ഫിലിംസ് എന്ന പുതിയ ചലച്ചിത്ര...

സൌദി വെള്ളക്കയ്ക്കും ഓപ്പറേഷൻ ജാവ എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം വീണ്ടും തരുൺ മൂർത്തി; നായകനായി മോഹൻലാൽ

0
സൌദി വെള്ളക്കയ്ക്ക, ഓപ്പറേഷൻ ജാവ എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘l360’ എന്ന ചിത്രത്തിൽ  നായകനായി മോഹൻലാൽ എത്തുന്നു. രജപുത്ര വിഷ്വൽ  മീഡിയയുടെ ബാനറിൽ എം രഞ്ജിത് ആണ് ചിത്രം നിർമ്മിക്കുന്നത്.

തിരക്കഥ- സംവിധാനം ശ്രീജിത്ത് ചന്ദ്രന്‍; ‘ഇമ്പം’ ഇനി പ്രേക്ഷകരിലേക്ക്

0
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫാമിലി എന്‍റര്‍ ടൈമെന്‍റ് ചിത്രം  ‘ഇമ്പം’ പ്രേക്ഷകരിലേക്ക് എത്തുന്നു. ലാലു അലക്സും ദീപക് പറമ്പോലും പ്രധാന വേഷത്തില്‍ എത്തുന്ന ഈ ചിത്രം ഒക്ടോബര്‍ ആദ്യ വാരത്തില്‍ തിയ്യേറ്ററുകളിലേക്ക് എത്തും.

കയ്യടികൾ നേടി ‘കാതൽ;’ മമ്മൂട്ടിയുടേത് ഗംഭീര പ്രകടനം, വ്യത്യസ്ത പ്രമേയം ചർച്ച ചെയ്യുന്ന സിനിമ

0
മമ്മൂട്ടിയുടെത് ഗംഭീര പ്രകടനം ആണെന്ന് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ പറഞ്ഞു. ഇതുവരെയും മറ്റ് അഭിനേതാക്കളാരും പരീക്ഷിച്ചിട്ടില്ലാത്ത കഥാപാത്രം. ക്വീർ പൊളിറ്റിക്സ് എന്ന സാമൂഹികമായി വിഷമം പിടിച്ച പ്രമേയത്തെ ധൈര്യപൂർവം കൈകാര്യം ചെയ്തിരിക്കുകയാണ് സംവിധാനം ചെയ്ത  ജിയോ ബേബിയും അഭിനയിച്ച മമ്മൂട്ടിയും ജ്യോതികയും.

‘ഗു’ ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്ററിൽ വേറിട്ട ലുക്കുമായി ദേവനന്ദ

0
മനു രാധാകൃഷ്ണൻ ആദ്യ സ്വതന്ത്ര്യ സംവിധായകനായി എത്തുന്ന ചിത്രം ‘ഗു’ ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. മലബാറിലെ പുരാവൃത്തമായ തെയ്യമാണ് ചിത്രത്തിന്റെ പശ്ചാത്തലം.