ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്ന് നിർമ്മിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വരവി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജോജു ജോർജ്ജിന്റെ പിറന്നാൾ ദിനത്തിലാണ് പുതിയ പോസ്റ്റർ റിലീസായിരിക്കുന്നത്. Game of survival എന്ന ടാഗ് ലൈനോട് കൂടിയാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. പോളി എന്ന വിളിപ്പേരുള്ള പോളച്ചൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ജോജു ജോർജ്ജ് എത്തുന്നത്. ജോജു ജോർജ്ജാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. മലയോര മേഖലയാണ് കഥാപാശ്ചാത്തലം. മൂന്നാറിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആദ്യം തുടക്കം കുറിച്ചത്. ഒരു ആക്ഷൻ ത്രില്ലർ മൂവിയാണ് വരവ്. മലയാളത്തിന്റെ പ്രിയ അഭിനേത്രികളായ വാണി വിശ്വനാഥും സുകന്യയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

മുരളി ഗോപി, അർജുൻ അശോകൻ, വിൻസി അലോഷ്യസ്, സാനിയ ഇയ്യപ്പൻ, ബാബുരാജ്, ബിജു പപ്പൻ, ബോബികുര്യൻ, കോട്ടയം രമേഷ്, അശ്വിൻ കുമാർ, അഭിമന്യു തിലകൻ, ബാലാജി ശർമ്മ, രാധിക രാധാകൃഷണൻ, അസീസ് നെടുമങ്ങാട്, ശ്രീജിത്ത് രവി, ദീപക് പറമ്പോൽ, ചാലി പാലാ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. എ കെ സാജനാണ് തിരക്കഥ ഒരുക്കുന്നത്. ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ്, ദ്രോണ എന്നീ സിനിമകൾക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് എ കെ സാജനാണ്. ഛായാഗ്രഹണം എസ്. ശരവണൻ, എഡിറ്റിങ് ഷമീർ മുഹമ്മദ്. മൂന്നാർ, മറയൂർ, ഇടുക്കി, തേനി, കാന്തല്ലൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കും.







