Friday, May 2, 2025

മൗനമായ പാട്ടെഴുത്തിന്‍റെ ഇടനാഴികളില്‍

“ഞാനും ജോണ്‍സണും ഒന്നിച്ചിരിക്കുന്നു. ഞങ്ങള്‍ പാട്ടിന് വേണ്ടുന്ന വേര്‍ഡ്സ് ഇടുന്നു. വേര്‍ഡ്സ് ഇടുമ്പോഴുള്ളത്  എനിക്കു ഇപ്പൊഴും അനുഭവമുണ്ട്. ഒരു ധ്യാനനിരതനായി എവിടുത്തെയോ ഏതോ ആഴങ്ങളിലേക്ക് എന്‍റെ മനസ്സ് വാക്കുകളുമായി ഇറങ്ങിപ്പോകുന്നതായിട്ടുള്ളോരു അനുഭവം. ഓരോ വാക്കുകള്‍ അവിടെന്ന് പൊങ്ങി വരും. പാട്ടിന് വേണ്ടുന്ന ക്ലൂ വേര്‍ഡ്സ് ജോണ്‍സണ്‍ ഒരു പാട് സജെസ്റ്റ് ചെയ്യുന്നു. പിന്നെ ജോണ്‍സന്‍റെ വയലിനില്‍ നിന്ന് ഇതിന്‍റെ ചില നോട്ടുകള്‍ എന്‍റെ ഹൃദയത്തിന്‍റെ ഏതോ ഭാഗങ്ങളില്‍ ചെന്ന് പതിക്കുന്നു. അവിടെ നിന്ന് പുതിയ പുതിയ വാക്കുകളുമായി പൊങ്ങി വരുന്നു. ഇതൊക്കെ ഏതാനും മണിക്കൂറുകള്‍  കൊണ്ട് ഉണ്ടായിട്ടുള്ള സംഭവങ്ങളാണ്. അങ്ങനെ ഞാനീ വേര്‍ഡ്സ് എല്ലാമിട്ട് ജോണ്‍സന്‍റെ കയ്യില്‍ കൊടുക്കുന്നു. അത് ജോണ്‍സണ്‍ എന്‍റെ മുന്നിലിരുന്നു ട്യൂണ്‍ ഇടുന്നു. അതൊരു ദിവ്യമായ അനുഭവമായിരുന്നു. ഞാന്‍ സിനിമാപ്പാട്ട് രചിക്കുന്ന സമയത്ത് ഈ വാക്കുകളുമായി ചില മുക്കുവന്‍മാര്‍ മുത്തുച്ചിപ്പികളുമായി വന്നു ഒരു നിലാവുള്ള രാത്രിയില്‍ ചിപ്പി പിളര്‍ത്തി അല്ലെങ്കില്‍ ഒരു പൌര്‍ണമി പിളര്‍ന്ന് കാണിക്കുന്നത് പോലെയുള്ള അനുഭവമാണ് എനിക്കു എല്ലാ സിനിമാപ്പാട്ടുകളുമെഴുതുന്ന സമയത്ത്…” എന്നു അദ്ദേഹം ഒരു അഭിമുഖത്തില്‍ തന്‍റെ പാട്ടനുഭവം പങ്ക് വെക്കുന്നുണ്ട്. പഴവിള രമേശന്‍ എന്ന ഗാനരചയിതാവ് മലയാളികള്‍ക്ക് പ്രിയങ്കരനാകുന്നത് കാവ്യ സുന്ദരമായ അദ്ദേഹത്തിന്‍റെ പാട്ടുകളിലൂടെയാണ്. മൌനത്തിന്‍റെ കൂടൊരുക്കത്തില്‍ പോലും സ്നേഹമസൃണമായ കടലാഴങ്ങളിലേക്ക് അദ്ദേഹത്തിന്‍റെ ഓരോ ഗാനങ്ങളും കൂട്ടിക്കൊണ്ട് പോകുന്നു, കവിയും ലേഖകനും കേരള ഭാഷ ഇന്‍സ്റ്റിട്ട്യുറ്റിലും കെ ബാലകൃഷ്ണന്‍റെ കൌമുദി ആഴ്ച്ചപ്പതിപ്പില്‍ പത്രപ്രവര്‍ത്തകനും, പില്‍ക്കാലത്ത് മലയാള സാഹിത്യത്തിന്‍റെയും മലയാള സിനിമയുടെയും സ്വന്തവുമായി മാറി, ഈ സര്‍ഗ്ഗ പ്രതിഭ…

 പഴവിള രമേശന്‍റെ ബാല്യകാലത്തെ എഴുത്തുകള്‍  വ്യവസ്ഥാപിതമായ കൂട്ടുകുടുംബത്തിന്‍റെ നൂലിഴകളില്‍ കോര്‍ത്ത ബന്ധങ്ങള്‍ പോലെ സുദൃഢമായിരുന്നു. കുടുംബ ബന്ധങ്ങള്‍ക്കിടയിലെ ജീവിത പ്രാരാബ്ദങ്ങളും ദുഃഖങ്ങളും അലട്ടിയിരുന്നെങ്കിലും വായനയുടെ സമ്പന്നമായ ലോകം പഴവിള രമേശന്‍റെ എഴുത്തിന്‍റെ മാര്‍ഗ്ഗത്തിന് വെളിച്ചം നല്കി. കുട്ടിക്കാലത്തു പുരാണങ്ങളുടെയും ഇതിഹാസങ്ങളുടെയും പ്രപഞ്ചത്തില്‍ അഭിരമിച്ചിരുന്ന പഴവിള രമേശന്‍റെ കാവ്യ ലോകത്തിന് അവ നല്കിയ മുതല്‍ക്കൂട്ടു മലയാള കവിതയ്ക്ക് പ്രിയങ്കരനായ കവിയെയും ഗാനരചയിതാവിനെയും സമ്മാനിച്ചു. പന്ത്രണ്ടാം വയസ്സില്‍ നാടകങ്ങളില്‍ പാട്ടുകളെഴുതിക്കൊണ്ടായിരുന്നു അദ്ദേഹം പാട്ടിന്‍റെ ലോകത്തേക്ക് ചുവടു വെക്കുന്നത്. മനോഹരമായ വരികള്‍ കൊണ്ട് കോര്‍ത്തിണക്കിയ പാട്ടുകള്‍ നമ്മള്‍ മലയാളികള്‍ക്ക് സമ്മാനിച്ചുവെങ്കിലും പഴവിള രമേശന്‍  എന്ന ഗാനരചയിതാവിനെ ആളുകള്‍ അത്രത്തോളം അടുത്തറിഞ്ഞിരുന്നില്ല, അദ്ദേഹം രചിച്ച മിക്ക പാട്ടുകളും നമ്മുടെ ചൂണ്ടിലൂടെ ഓളമായി ഒഴുകിക്കൊണ്ടിരുന്നിട്ടും.

 പ്രണയ നിര്‍ഭരമായ  വേലിയേറ്റത്തിന്‍റെയും വേലിയിറക്കത്തിന്‍റെയും വിരഹവും പ്രതീക്ഷയുമുണ്ടായിരുന്നു, പഴവിള രമേശന്‍റെ പാട്ടുകള്‍ക്കുള്ളില്‍. അതിലേറെയും അടക്കിപ്പിടിച്ച വികാര പ്രകടനങ്ങളുടെ  മൌനത്തെയാണ് അദ്ദേഹം തന്‍റെ വാക്കുകള്‍ക്കിടയിലൂടെ സംഗീതത്തിന്‍റെ നൂലിഴയില്‍ കോര്‍ത്തെടുക്കുന്നത്. പഴവിള രമേശന്‍റെ പാട്ടുകള്‍ ഒരുവട്ടമല്ല, ഒന്നില്‍ കൂടുതലാവര്‍ത്തി നമ്മള്‍ കേട്ടിരിക്കുന്നു ആസ്വദിച്ചിരിക്കുന്നു, അതിലുപരി അവനവന്‍ തന്‍റെ ദു:ഖവും സന്തോഷവുമായി ആ പാട്ടിനൊപ്പം ഒറ്റക്കിരുന്നു സല്ലപിക്കുന്നു. നാലോ അഞ്ചോ പാട്ടുകളെ എഴുതിയുള്ളൂ എങ്കിലും ആ പാട്ടുകള്‍ തന്നെ ധാരാളമായിരുന്നു പ്രതിഭാ നിപുണനായ പഴവിള രമേശന്‍ എന്ന ഗാനരചയിതാവിനെ അടയാളപ്പെടുത്താന്‍. പ്രിയ സുഹൃത്തും സിനിമ പ്രവര്‍ത്തകനുമായ ഹരിപോത്തന്‍റെ നിര്‍ബന്ധ പ്രകാരമായിരുന്നു പഴവിള രമേശന്‍ സിനിമയ്ക്ക് വേണ്ടി പാട്ടുകളെഴുതുന്നത്. 1979 ല്‍ ഭരത് ഗോപി സംവിധാനം ചെയ്ത ‘ഞാറ്റടി’ എന്ന ചിത്രത്തിലൂടെ നക്സലൈറ്റ് വര്‍ഗീസിന്‍റെ ഓര്‍മ്മയ്ക്കായി എഴുതിയ കവിത ഈ ചിത്രത്തില്‍ ഉപയോഗിച്ചു. പിന്നീട് 1984 ല്‍ പുറത്തിറങ്ങിയ “ആശംസകളോടെ“എന്ന ചിത്രത്തില്‍ രവീന്ദ്രന്‍ മാഷിന്‍റെ സംഗീതത്തിനും പഴവിള രമേശന്‍ പാട്ടുകളെഴുതി.

സ്നേഹം മൂലം അസഹിഷ്ണുവായ വികാരങ്ങളുടെയും അടക്കിപ്പിടിച്ച വേദനകളുടെയും  അടയാളപ്പെടുത്തലായിരുന്നു പഴവിള രമേശന്‍ രചിച്ച ‘മാളൂട്ടി’ എന്ന ചിത്രത്തിലെ പാട്ടുകള്‍ . അവിടെയും സുഹൃത്തും ‘മാളൂട്ടി’യുടെ  നിര്‍മ്മാതാവുമായ ഹരിപോത്തന്‍റെ നിര്‍ബന്ധപ്രകാരം പഴവിള രമേശന്‍ പാട്ടെഴുതുന്നു. അന്നാദ്യമായിട്ടാണ് സംഗീത സംവിധായകനായ ജോണ്‍സണ്‍ മാഷെ കാണുന്നതെന്ന് പഴവിള രമേശന്‍ പല അഭിമുഖങ്ങളിലും ഓര്‍ക്കാറുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം വിദേശത്ത് നിന്ന് വരുന്ന പ്രിയപ്പെട്ട ഭര്‍ത്താവിനെ കാത്തിരിക്കുന്ന ഭാര്യയുടെ ഭാവി സ്വപ്നങ്ങളെയും തീവ്രാഭിലാഷത്തെയും തന്‍റെ വരികളിലൂടെ ആവിഷ്കരിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പുത്രസ്നേഹം മൂലം ആ നവദമ്പതികളെ  പരസ്പരം കാണുന്നതില്‍ നിന്നും അവരുടെ സ്വകാര്യമായ നിമിഷങ്ങളില്‍ നിന്നും അയാളുടെ അമ്മ  മന:പൂര്‍വം അകറ്റുന്നു. അവളുടെ തനിച്ചുള്ള സ്വപ്നം കാണലും അവന്‍റെ കാത്തിരിപ്പും അത്രത്തോളം ആഴത്തില്‍ പാട്ടിലും കാണാം. “മൌനത്തിന്‍ ഇടനാഴിയില്‍ ഒരു ജാലകം മെല്ലെ തുറന്നതാരോ…”. ഏകാന്തമായ ഇടനാഴിയും അതില്‍ ഘനീഭവിച്ചു നില്‍ക്കുന്ന മൌനവും അവിടെ ഒറ്റയ്ക്ക് നില്‍ക്കുന്ന അവളും ഇരുണ്ട ഇടനാഴിയില്‍ പ്രതീക്ഷയുടെ വെളിച്ചം കടന്നെത്തുന്ന ഒരൊറ്റ ജാലകവും. അതിലൂടെ ജീവിതത്തിലേക്ക് സന്തോഷത്തിന്‍റെ ആദ്യ കിരണങ്ങളെ അവള്‍ കണ്ടെത്തുകയായിരുന്നു. ആ വെളിച്ചവും കൊണ്ട് വരുന്ന ആളെ പ്രതീക്ഷിച്ചുള്ള കാത്തിരിപ്പിലാണവള്‍. ഒടുവില്‍ തന്‍റെ നായകന്‍ സ്വപ്നത്തില്‍ നിന്നിറങ്ങിവന്ന് നേരെ മുന്നില്‍ നില്‍ക്കുമ്പോള്‍ അവളൊരു ‘നാണപ്പൂക്കൂട’യാകുന്നു. ജോണ്‍സണ്‍ മാഷ് ഈണമിട്ട മനോഹരമായ സംഗീതത്തിന് പഴവിള രമേശന്‍ രചിച്ച  ഹൃദയഹാരിയായ മറ്റൊരു പാട്ട് കൂടിയുണ്ട് ,’മാളൂട്ടി‘യില്‍.“സ്വര്‍ഗ്ഗങ്ങള്‍ സ്വപ്നം കാണും മണ്ണിന്‍ മടിയില്‍ വിടരുന്നേതോ ഋതുഭാവങ്ങള്‍…”, താളം കൊണ്ട് സ്വരഭംഗി കൊണ്ട് അത്രയും ഹൃദിസ്ഥമാണ് ഓരോ സംഗീത പ്രേമിക്കുള്ളിലും ഈ പാട്ട്.

 ഘനീഭവിച്ച ദു:ഖത്തിന്‍റെയും  വിരഹത്തിന്‍റെയും അതില്‍ നിന്നുയരുന്ന  അഗാധമായ നൊമ്പരത്തിന്‍റെയും ഏകഭാവമാണ്  1991 ല്‍ പുറത്തിറങ്ങിയ ഭദ്രന്‍ സംവിധാനം ചെയ്ത ‘അങ്കിള്‍ ബണ്‍’ എന്ന ചിത്രത്തിലെ പാട്ടുകള്‍ക്ക്. രവീന്ദ്രന്‍ മാഷിന്‍റെ ഈണത്തില്‍ പഴവിള രമേശന്‍ എഴുതിയ പാട്ടിലെ വരികളും സംഗീതവും പലപ്പോഴായി മനോവേദനയുടെ അതിര്‍വരമ്പില്‍ വെച്ചു ഒരു കാറ്റ് പോലെ നമ്മെ സ്പര്‍ശിക്കാറുണ്ട്.“ഇടയരാഗരമണ ദു:ഖം ഇടറുന്ന ഹൃദയം മൃദുല നാദലയങ്ങളില്‍ അശ്രുപാദം…”, ദര്‍ബാരി കാനഡ രാഗത്തിലാണ് രവീന്ദ്രന്‍ മാഷ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. “കുരുക്കുത്തിക്കണ്ണുള്ള കുറുമ്പത്തി  ചിരിക്കുമ്പം..”, “അമ്പിളിക്കലയൊരു നൊമ്പരപ്പാടോ…”, തുടങ്ങിയവയാണ് പഴവിള രമേശന്‍ രചിച്ച ‘അങ്കിള്‍ ബണ്ണി’ലെ മറ്റ് ഗാനങ്ങള്‍. ‘മൌനത്തിന്‍റെ ഇടനാഴി’കളില്‍ ‘ഇടയരമണന്‍റെ ദു:ഖ’ത്തിനിടയിലും’ സ്വപ്നങ്ങള്‍ സ്വര്‍ഗ്ഗം കാണു’ന്ന ആ മണ്ണിന്‍റെ  മനോഹരമായ പ്രണയത്തെയും  പഴവിള രമേശന്‍ എന്ന കവി, പാട്ടെഴുത്തുകാരന്‍ നമ്മുടെ കാതുകളിലേക്ക് പകരുകയാണ്. കവിതയിലൂടെ പാട്ടിലേക്ക് പാട്ടിലൂടെ കവിതയിലേക്കും തിരിച്ചു നടന്ന സര്‍ഗ്ഗ പ്രതിഭ. “കിരണചാരു മോഹമേ വിട പറഞ്ഞകന്നു പോയി വിരഹഭാര ചൈത്രവും മറന്നുവോ മദനമാനസങ്ങളെ മലരണിഞ്ഞിടേണ്ടിനി ചകിത ചന്ദ്രലേഖ മാഞ്ഞു. മാനം ആര്‍ദ്രമായി മാനമാര്‍ദ്രമായി….”

spot_img

Hot Topics

Related Articles

Also Read

‘ഒരു ജാതി ജാതകം’  ലൊക്കേഷന്‍ സന്ദര്‍ശിച്ച് ശൈലജ ടീച്ചര്‍

0
വിനീത് ശ്രീനിവാസനെ നായകനാക്കി എം. മോഹന്‍ ‘അരവിന്ദന്‍റെ അതിഥികള്‍’ക്കു  ശേഷം സംവിധാനം ചെയ്യുന്ന ചിത്രം ‘ഒരു ജാതി ജാതക’ത്തിന്‍റെ ഷൂട്ടിങ്ങ് സെറ്റ് മുന്‍ ആരോഗ്യമന്ത്രിയും സ്ഥലം എം എല്‍ എ യുമായ ശൈലജ ടീച്ചര്‍ സന്ദര്‍ച്ചു.

‘മാളികപ്പുറം’ ടീം വീണ്ടും വരുന്നു പുതിയ സിനിമയുമായി

0
പുരാണകഥയെ അടിസ്ഥാനമാക്കി 2023 ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം മാളികപ്പുറത്തിന് ശേഷം പുതിയ സിനിമയ്ക്കായി ഒന്നിച്ചിരിക്കുകയാണ് മാളികപ്പുറം ടീം. മാളികപ്പുറത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയ ദേവനന്ദയും ശ്രീപദ് യാനുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

‘ഗെറ്റ് സെറ്റ് ബേബി’യുടെ പൂജാ ചടങ്ങുകൾ നിർവഹിച്ച് അണിയറ പ്രവർത്തകർ

0
വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം സ്കന്ദ സിനിമാസിന്റെയും കിംഗ്സ്മെൻ എൽ എൽ  പിയുടെയും ബാനറിൽ സുനിൽ ജെയ്ൻ, പ്രക്ഷാലി ജെയ്ൻ എന്നിവരാണ് നിർമ്മിക്കുന്നത്. ആധുനികവും വൈകാരികവും നർമ്മവും പ്രതിസന്ധികളും അതിജീവനും ഈ ചിത്രത്തിലുണ്ട്.

ഉണ്ണി മുകുന്ദൻ നായകൻ’ ഒരു വില്ലന്റെ സ്പിൻ ഓഫ് സിനിമയുമായി ഹനീഫ് അദേനി

0
വിൻ പോളി നായകനായി അഭിനയിച്ച മിഖായേൽ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ മുൻനിർത്തിക്കൊണ്ട് ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം “മാർക്കോ’യുടെ ചിത്രീകരണം ആരംഭിച്ചു.

ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ബോളിവുഡ് നടി വഹീദ റഹ്മാന്   

0
അഞ്ചു പതിറ്റാണ്ടിനുള്ളില്‍ വഹീദ റഹ്മാന്‍ കരിയറില്‍ നിരവധി ദേശീയ പുരസ്കാരങ്ങള്‍ നേടി. രാജ്യം അവരെ 1972-ല്‍ പദ്മശ്രീയും 2011- ല്‍ പദ്മഭൂഷണും നല്കി ആദരിച്ചു.