Friday, May 2, 2025

സിനിമയെ മോഹിപ്പിച്ച വെള്ളാരം കണ്ണുള്ള നായകന്‍

ആരെയും ആകര്‍ഷിക്കുന്ന വെള്ളാരം കണ്ണുകളുമായി എഴുപതുകളുടെ മലയാള സിനിമയില്‍ അടക്കി വാണ ക്ഷുഭിത യൌവനത്തിന്‍റെ നായക സങ്കല്‍പ്പമായിരുന്നു രതീഷ്. സൂപ്പര്‍ സ്റ്റാര്‍ ജയന്‍റെ ആകസ്മിക മരണത്തിന് ശേഷം ആ നഷ്ട്ടം തന്‍റെ അഭിനയ പാടവം കൊണ്ട് ഒരു പരിധിവരെ പരിഹരിക്കാനും രതീഷിന് കഴിഞ്ഞിട്ടുണ്ട്. പൂച്ചക്കണ്ണുകളുള്ള ആ മുഖത്ത് നായകന്‍റേയും പ്രതിനായകന്‍റെയും സ്വഭാവ നടന്‍റെയും ഭാവങ്ങള്‍ മിന്നിമറഞ്ഞു. എഴുപതുകളില്‍ രതീഷ് തന്‍റെ കഴിവില്‍ സ്വന്തമായൊരു ഇരിപ്പിടം കണ്ടെത്തുകയും എണ്‍പതുകളില്‍ മലയാള സിനിമയിയുടെ വെള്ളിത്തിരയില്‍ സജീവമാകുകയും ചെയ്തു. പ്രതിനായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുന്ന അഭിനയത്തികവില്‍ രതീഷ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി. അത് കൊണ്ട് തന്നെ രതീഷ് എന്ന നടനെ എല്ലാ പ്രേക്ഷകരും ഒരു പോലെ അംഗീകരിച്ചു. ജയനില്‍ ആരാധക ലോകം കണ്ട അതേ കരുത്ത് അവര്‍ രതീഷിലും കണ്ടു. രതീഷിന്‍റെയും മരണത്തോടെ ജയനും രതീഷും ഉപേക്ഷിച്ച ആ വിടവ് നികത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല എന്നത് വാസ്തവം. അഭിനയിക്കുക എന്നതിലുപരി സംവിധായകനാകുക എന്നായിരുന്നു രതീഷിന്‍റെ ആഗ്രഹം. അതിനായി അദ്ദേഹം പ്രശസ്ത ചലച്ചിത്ര സംവിധായകനായ കെ. ജി. ജോര്‍ജ്ജിനെ സമീപിക്കുകയും സഹസംവിധായകനാക്കാതെ 1979 ല്‍ പുറത്തിറങ്ങിയ ‘ഉള്‍ക്കടല്‍’ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായൊരു വേഷം നല്കുകയും ചെയ്തു. രതീഷിന്‍റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ‘ഉള്‍ക്കടലി’ലെ മെഡിക്കല്‍ റെപ്രസെന്‍റേറ്റീവായ ‘ഡേവിസ്’ എന്ന കഥാപാത്രം.

കൊല്ലം ശ്രീനാരായണ കോളേജിലും ആലപ്പുഴ എസ് എന്‍ കോളേജിലും പഠനം പൂര്‍ത്തിയാക്കിയ രതീഷ് ‘വേഴാമ്പല്‍ ‘എന്ന സ്റ്റാന്‍ലി ജോസിന്‍റെ ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചതെങ്കിലും ‘ഉള്‍ക്കടലി’ലൂടെയാണ് അഭിനയ ജീവിതത്തിലൂടെ മുന്നോട്ട് സഞ്ചരിക്കാന്‍ കഴിഞ്ഞത്. ‘തേരോട്ടം’എന്ന ചിത്രത്തില്‍ സഹനടനായി രതീഷ് വന്നെങ്കിലും ചിത്രം റിലീസായില്ല. ജയന് വേണ്ടി വെച്ചിരുന്ന 1981 ല്‍ പുറത്തിറങ്ങിയ ‘തുഷാരം’ എന്ന പട്ടാളക്കഥ പറയുന്ന ചിത്രത്തില്‍ ഗംഭീര അഭിനയമായിരുന്നു രതീഷ് കാഴ്ച വെച്ചത്. ഐ വി ശശിയുടെ ഈ ചിത്രത്തിലൂടെയാണ് രതീഷ് ആദ്യമായി നായകനായി എത്തുന്നതും. ഭാര്യയെ മാനഭംഗം ചെയ്തു കൊലപ്പെടുത്തിയ ബ്രിഗേഡിയരോട് പകരം വീട്ടുന്ന ഒരു പട്ടാളക്കാരന്‍റെ കഥയാണ് ചിത്രത്തിന്‍റെ പ്രമേയം. അങ്ങനെ മലയാള സിനിമയില്‍ ഒഴിച്ച് കൂടാനാവാത്ത അഭിനേതാവായി മാറി വെള്ളാരം കണ്ണുകളുള്ള ഈ സുന്ദരനായ കലാകാരന്‍. മലയാള സിനിമ ഒരു കാലഘട്ടം മുഴുവന്‍ രതീഷിന്‍റെ വെള്ളാരം കണ്ണുകളുടെ സൌന്ദര്യത്തില്‍ ഭ്രമണം ചെയ്തു.

മലയാള സിനിമയില്‍ നായകനായും വില്ലനായും ഒരു പോലെ തിളങ്ങിയ രതീഷ് തൊണ്ണൂറുകളോടെ അഭിനയ ജീവിതത്തില്‍ നിന്നും മാറി നിന്നെങ്കിലും നാലു വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം വീണ്ടും അദ്ദേഹം സജീവമായി. 1994 ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത സുരേഷ് ഗോപി നായകനായ ‘കമ്മീഷണ’റിലെ രതീഷ് അഭിനയിച്ച ‘മോഹന്‍ തോമസ് ‘എന്ന കഥാപാത്രം ശ്രദ്ധേയമായിരുന്നു. ‘ഇടിമുഴക്ക’ത്തിലെ ജോസ്, ‘വളര്‍ത്തു മൃഗങ്ങളി’ലെ ചന്ദ്രന്‍,”സംഘര്‍ഷ’ത്തിലെ മോഹന്‍,’അമ്മക്കൊരുമ്മ’യിലെ വിജയന്‍, ‘ഈ നാടി’ലെ എം എല്‍ എ വേണു,’എന്തിനോ പൂക്കുന്ന പൂക്കളി’ലെ വിശ്വനാഥന്‍, ‘തീക്കടലി’ലെ കനകന്‍, ‘ചാമര’ത്തിലെ ബാലന്‍,’ തുഷാര’ത്തിലെ രവി, ‘മുന്നേറ്റ’ത്തിലെ ചന്ദ്രന്‍,’ചമ്പല്‍ക്കാടി’ലെ റഹീം,’സിന്ദൂര സന്ധ്യക്ക് മൌന’ത്തിലെ വിനോദ്,’ഹിമവാഹിനി’യിലെ ശേഖരന്‍,’ആ രാത്രി’യിലെ വേണു,’കൂലി’യിലെ മധു, ‘ബെല്‍റ്റ് മത്തായി’യിലെ രാജശേഘരന്‍, ‘ഒരു സുമംഗലിയുടെ കഥ’യിലെ ജോണി, ‘കോടതി’യിലെ സലീം, ‘ഉണരൂ’ലെ പീറ്റര്‍, ‘മിനിമോള്‍ വത്തിക്കാനി’ലെ മോഹന്‍, ‘രക്ഷസ്സി’ലെ രതീഷ്, ‘ആറ്റുവഞ്ചി ഉലഞ്ഞപ്പോ’ളിലെ മുരളി, ‘ശത്രു’വിലെ സുധീന്ദ്രന്‍, ‘ഒറ്റയാനി’ലെ രമേഷ്, ‘ആനക്കൊരുമ്മ’യിലെ ദേവന്‍, ‘രാജാവിന്‍റെ മകനി’ലെ സി എം കൃഷ്ണദാസ,’കാശ്മീര’ത്തിലെ ബല്‍റാം, ‘യുവതുര്‍ക്കി’യിലെ ധര്‍മന്‍,’പാളയ’ത്തിലെ  ശിവന്‍ കുട്ടി, ‘അയ്യര്‍ ദി ഗ്രേയ്റ്റ് ‘ലെ പോലീസ് ഒഫ്ഫീസര്‍, ‘രാവണ പ്രഭു’വിലെ മണിയപ്ര പുരുഷോത്തമ ‘ഡാനി’യിലെ രഞ്ജി തോമസ് ,’ദി ഗോഡ് മാനി’ലെ കമ്മീഷണര്‍ തുടങ്ങി രതീഷ് കൈകാര്യം ചെയ്ത കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു.

അഭിനേതാവ് എന്ന നിലയില്‍ മാത്രമല്ല, നിര്‍മാതാവായും രതീഷ് മലയാള സിനിമയില്‍ അറിയപ്പെടുന്നു. നടന്‍ സത്താരുമായി ചേര്‍ന്ന് ‘അയ്യര്‍ ദി ഗ്രേറ്റ്'(1990), ചക്കിക്കൊത്ത ചങ്കരന്‍, ബ്ലാക്ക് മെയില്‍ (1985), റിവെഞ്ച്(1985), എന്‍റെ ശബ്ദം(1980), തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ചു. 2001ല്‍ സൂര്യ ടി വി യിലെ ‘വേനല്‍ മഴ’,’2001ല്‍ കൈരളിയിലെ ‘അന്ന’ തുടങ്ങിയ പരമ്പരകളിലെ രതീഷ് കൈകാര്യം ചെയ്ത കഥാപാത്രങ്ങള്‍ ശ്രദ്ധേയമായി. ‘2002 ഡിസംബര്‍ 23 നു അപ്രതീക്ഷിതമായി രതീഷ് അഭിനയത്തോടും ജീവിതത്തോടും വിട പറഞ്ഞു. വശ്യമായ ആ ചിരിയും പൂച്ചക്കണ്ണുകളുമുള്ള  നായകന്‍ വിട പറഞ്ഞിട്ടിന്ന് ഇരുപതു വര്‍ഷം തികയുന്നു. സഹപ്രവര്‍ത്തകനും ആത്മ സുഹൃത്തുമായ സത്താര്‍ രതീഷിനെ ഓര്‍ക്കുന്നു; “ഐ.വി.ശശി സംവിധാനം ചെയ്ത ‘അഹിംസ’യുടെ ലൊക്കേഷനില്‍ വച്ചാണ് രതീഷിനെ പരിചയപ്പെടുന്നത്. ആ സൗഹൃദം നല്ല രീതിയില്‍ വളര്‍ന്നു. പിന്നീട് ഞങ്ങളൊരുമിച്ച് ഒരുപാട് സിനിമകളില്‍ അഭിനയിച്ചു. ഇടക്കാലത്ത് ഞങ്ങള്‍ രണ്ടുപേര്‍ക്കും സെക്കന്‍റ് ഗ്രേഡ് സിനിമകളില്‍ അഭിനയിക്കേണ്ടിവന്നു. ക്രോസ്‌ബെല്‍റ്റ് മണിയുടെ ‘ഒറ്റയാനി’ലായിരുന്നു തുടക്കം. മണിയുടെ പടത്തിനൊരു ഗുണമുണ്ട്. അത് പരാജയപ്പെടില്ല. പ്രണയവും സംഘട്ടനവും ഡിസ്‌കോശാന്തിയുടെ ഒരു ഡാന്‍സും ചേര്‍ത്തുള്ള മസാലപ്പടങ്ങളായിരിക്കും മിക്കതും. ‘ഒറ്റയാനി’ല്‍ അഭിനയിക്കുന്ന സമയത്തുതന്നെ ‘റിവഞ്ച്’ എന്ന മറ്റൊരു സിനിമയ്ക്കുകൂടി ഞാനും രതീഷും ഡേറ്റ് നല്‍കി. പക്ഷേ നിര്‍മ്മാതാവ് മാറിയതിനെത്തുടര്‍ന്ന് ആ സിനിമ പ്രതിസന്ധിയിലായി. ക്രോസ്‌ബെല്‍റ്റ് മണിക്ക് മാത്രമല്ല, ഞങ്ങള്‍ക്കും ഇത് വിഷമമുണ്ടാക്കി. എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയത് അപ്പോഴാണ്. ഒരു ദിവസം ഞാന്‍ തിരുവനന്തപുരത്തെ വീട്ടില്‍ രതീഷിനെ കാണാന്‍ ചെന്നു. ”റിവഞ്ച് നമുക്ക് രണ്ടുപേര്‍ക്കും പ്രൊഡ്യൂസ് ചെയ്താലോ? സംവിധായകന്‍ ക്രോസ്‌ബെല്‍റ്റ് മണിയായതിനാല്‍ മുടക്കുന്ന പണം തിരിച്ചുകിട്ടുകയും ചെയ്യും.”ഞാന്‍ ചോദിച്ചപ്പോള്‍ രതീഷ് സമ്മതിച്ചു. അങ്ങനെയാണ് നിര്‍മ്മിച്ചത്. രതീഷായിരുന്നു നായകന്‍ . ഞാന്‍ വില്ലനും. ആ രീതിയില്‍ വീണ്ടും കുറെ സിനിമകള്‍ ഞങ്ങള്‍ നിര്‍മ്മിച്ചു. എല്ലാം നഷ്ടംവരാത്ത സിനിമകളായിരുന്നു…” മലയാള സിനിമയുടെ ആ ക്ഷുഭിത യൌവനം ഇന്നില്ല. മലയാള സിനിമയുടെ വെളിത്തിരയില്‍  രതീഷ് എന്ന നടന്‍റെ പേരും അദ്ദേഹം നല്കിയ കഥാപാത്രങ്ങളും അവിസ്മരണീയമാണ്.

spot_img

Hot Topics

Related Articles

Also Read

ഉര്‍വ്വശിയും ഭാവനയും ഒന്നിക്കുന്ന ചിത്രത്തിന് തിരിതെളിഞ്ഞു

0
ഉര്‍വശിയും ഭാവനയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍ കൊച്ചിയില്‍ വെച്ച് നടന്നു.

ടിനി ടോമും നന്ദുവും അൻസിബയും പ്രധാന വേഷത്തിൽ; ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘പൊലീസ് ഡേ’

0
നവാഗതനായ സന്തോഷ് പാലോട് സംവിധാനം ചെയ്ത് ടിനി ടോമും നന്ദുവും അൻസിബയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ‘പൊലീസ് ഡേ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

കന്നട നടൻ ദീക്ഷിത് ഷെട്ടിയും ഷൈൻ ടോം ചാക്കോയും ഒന്നിക്കുന്ന ഒപ്പീസ്; പൂജ ചടങ്ങുകൾ നടന്നു

0
ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കൊച്ചിയിൽ വെച്ച് നടന്നു. സിനമയിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ചേർന്ന് ഭദ്രദീപം തെളിയിച്ചു.  ഡിസ്ട്രിബ്യൂട്ടെഴ്സ് അസോസിയേഷൻ പ്രസിഡന്റ് ലിസ്റ്റിൻ സ്റ്റീഫൻ, സംഗീത സംവിധായകൻ എം ജയചന്ദ്രൻ, സന്തോഷ് തുണ്ടിയിൽ, ഹരിനാരായണൻ, എം എ നിഷാദ് തുടങ്ങിയവർ ഭദ്രദീപം തെളിയിച്ചു.

നടൻ സലിംകുമാറിന്റെ മകൻ ചന്ദു മുഖ്യവേഷത്തിൽ ‘മഞ്ഞുമ്മൽ ബോയ്സ്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി പറവ ഫിലിംസിന്റെ ബാനറിൽ ചിദംബരം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

‘വൺസ് അപ്പ് ഓൺ എ ടൈം ഇൻ കൊച്ചി’; മെയ് 31- ന് റിലീസ്

0
നാദിർഷ സംവിധാനം ഏറ്റവും പുതിയ ചിത്രം  ‘വൺസ് അപ്പ് ഓൺ എ ടൈം ഇൻ കൊച്ചി’ എന്ന ചിത്രം മെയ് 31 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും