Friday, May 2, 2025

മലയാള സിനിമയുടെ സൗകുമാര്യം

ഉശിരുള്ള ഡയലോഗുകൾ കൊണ്ട് ധാർഷ്ട്യമുള്ള കഥാപാത്രങ്ങളെ സമ്പന്നമാക്കിയ അതുല്യ നടനാണ് സുകുമാരൻ. എഴുപതുകളുടെയും എൺപതുകളുടെയും കാലഘട്ടങ്ങളിൽ മലയാള സിനിമയിൽ നായകനായും പ്രതിനായകനായും ഇദ്ദേഹം നിറഞ്ഞു നിന്നു. സുകുമാരന്‍റെ കഥാപാത്രങ്ങൾക്ക് മുൻപുള്ള സിനിമയിലെ കാമുക ഹൃദയങ്ങൾ മരം ചുറ്റിപ്പാട്ടുകൾ പാടി കാല്പനികമായി നായികാ നായകന്മാര്‍ പ്രണയിച്ചപ്പോൾ സുകുമാരൻ നായകനായ ‘ശാലിനി എന്‍റെ കൂട്ടുകാരിയിലെ’ ജയദേവനെപ്പോലെ ‘ എനിക്ക് നിന്നെ ഇഷ്ടമാണെ’ന്ന് നായികമാരോട് താളമേളക്കൊഴുപ്പിന്‍റെ അകമ്പടിയില്ലാതെ തുറന്നു പറഞ്ഞു. ധിക്കാരിയുടെ സ്വരത്തിൽ ക്ഷുഭിത യൗവനത്തിന്‍റെ മുഖവുമായി കടന്നു വന്ന സുകുമാരൻ വെള്ളിത്തിരയിൽ നായക സങ്കൽ പ്പത്തിന്‍റെ പുതിയ തിരുത്തായിരുന്നു. സുകുമാരൻ കടന്നു വന്ന കാലവും മാറ്റത്തിന്‍റെ വ്യൂഹമണിഞ്ഞിരുന്നു. ആ മാറ്റം മനുഷ്യരിലും രാഷ്ട്രീയത്തിലുമെന്ന പോലെ കലയിലുമുണ്ടായി. സമൂഹത്തിന്‍റെ പഴകി ദ്രവിച്ച മാമൂലുകളെ സഹസ്ര കോടി ജനങ്ങൾ ചോദ്യം ചെയ്തപ്പോൾ അതിന്‍റെ പ്രതിധ്വനി സിനിമയിലും ഒന്നാകെ പിടിച്ചുലച്ചു. ജയനും സോമനും സുകുമാരനും തിന്മയ്‌ക്കെതിരെ ചോദ്യം ചെയ്യുന്ന കഥാപാത്രങ്ങളായി വേഷമിട്ടു.

നടൻ മാത്രമല്ല നിർമാതാവ് കൂടിയാണ് സുകുമാരൻ. കലാപരമായി യാതൊരു കഴിവും പഠനകാലത്തു സുകുമാരൻ പ്രകടമാക്കിയിരുന്നില്ല. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ  എം എ പൂർത്തിയാക്കി. പിന്നീട് കാസറഗോഡ് ഗവണ്മെന്‍റ കോളേജിലും നാഗർകോവിൽ ക്രിസ്ത്യൻ കോളേജിലും അധ്യാപകനായി ജോലി ചെയ്തു. എം ടി സംവിധാനം ചെയ്ത നിർമാല്യത്തിലാണ് സുകുമാരൻ ആദ്യമായി അഭിനയിക്കുന്നത്. മുൻപ് അഭിനയിച്ചു ശീലമോ മറ്റൊ ഇല്ലെങ്കിലും തനിക്ക് കഥാപാത്രത്തെ ഉൾക്കൊണ്ടു അഭിനയിച്ചു വിജയിപ്പിക്കാൻ കഴിയുമെന്ന ആത്മ വിശ്വാസം സുകുമാരന് ഉണ്ടായിരുന്നു. ധിക്കാരിയായ ‘അപ്പു’ എന്ന കഥാപാത്രത്തിന്‍റെ വേഷം അദ്ദേഹം ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തു.

 ‘നിർമാല്യ’ത്തിന് നിരവധി അംഗീകാരങ്ങൾ കിട്ടിയെങ്കിലും അതിനു ശേഷം സുകുമാരനെ തേടി പ്രസക്തമായ കഥാപാത്രങ്ങളുള്ള സിനിമകൾ വന്നില്ല. തിരിച്ചു അധ്യാപക ജോലിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങിയപ്പോഴാണ് 1977ൽ ‘ശംഖ്പുഷ്പം’ എന്ന സിനിമയിൽ മികച്ച വേഷം അഭിനയിക്കാൻ ക്ഷണം കിട്ടുന്നത്. ആ കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും  സുകുമാരൻ മറ്റ് മുൻനിര താരങ്ങൾക്കൊപ്പം കടന്നു വരികയും അഭിനയ കലയിൽ തന്‍റെ ഇരിപ്പിടം കണ്ടെത്തുകയും ചെയ്തു. അതിനു ശേഷം നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്യാൻ സുകുമാരനു കഴിഞ്ഞു. ‘നിർമ്മാല്യ’ത്തിലെ അപ്പു  (1973), ‘അയോദ്ധ്യ’യിലെ അതിഥിവേഷം (1975), ‘ബന്ധന’ത്തിലെ ഉണ്ണികൃഷ്ണ മേനോൻ  (1978),’അംഗീകാര’ത്തിലെ രവി  (1977), ‘ഈ മനോഹരതീര’ത്തിലെ ചന്ദ്രശേഖര മേനോൻ (1978), ‘കൽപ്പവൃക്ഷ’ത്തിലെ അജയൻ /വാസു  (1978), ‘കാത്തിരുന്ന നിമിഷ’ത്തിലെ രഘു (1978), ‘കഴുകനി’ലെ ഗോപി  (1979), ‘ആഗമന’ത്തിലെ ജോർജ് തോമസ്  (1980),’അങ്ങാടി’യിലെ ഗോപി (1980), ‘മദാലസ’യിലെ പട്ടാളം വാസു (1978)’മണ്ണി’ലെ കൃഷ്‌ണൻ നായരുടെ മകൻ (1978) ‘ഇടിമുഴക്ക’ത്തിലെ കൃഷ്ണൻ തിരുമേനി (1980), ‘ഒരിക്കൽക്കൂടി’യിലെ സോമൻ (1981),’സംഘർഷ’ത്തിലെ ജഗദീഷ്(1981),’ചാകര’യിലെ ദേവരാജൻ (1980),’അഹിംസ’യിലെ ദേവൻ (1981),’പിൻഗാമി’യിലെ ജോർജ് മാത്യു (1994), ‘രാജധാനി’യിലെ രാധാകൃഷ്ണൻ (1994), ‘ഭരണകൂട’ത്തിലെ കമ്മീഷണർ വേണു ഗോപാൽ (1994), ‘ബോക്സർ’ലെ ജോൺ സാമുവേൽ(1995), ‘ശാലിനി എന്‍റെ കൂട്ടുകാരി’യിലെ ജയദേവൻ (1980),എന്നിവ സുകുമാരൻ അഭിനയിച്ച കഥാപാത്രങ്ങളാണ്.

 നായകനായും വില്ലനായും അനായാസേന അഭിനയിച്ചു ഫലിപ്പിക്കാനുള്ള സുകുമാരന്‍റെ നടന വൈഭവം അഭിനന്ദനാർഹം തന്നെ. നീണ്ട ഡയലോഗുകൾ ആരാധകർക്ക്  ഹരമായിരുന്നു. 1978 ൽ എം ടിയുടെ ‘ബന്ധനം’ എന്ന ചിത്രത്തിലെ അഭിനയത്തിന് സുകുമാരന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. മമ്മൂട്ടിയുടെയും മോഹൻലാലിന്‍റെയും താരോദയം ഉണ്ടായപ്പോൾ പ്രതിനായക സ്ഥാനത്തേക്ക് സുകുമാരൻ മാറിയെങ്കിലും അദ്ദേഹം അവരെ മുൻ നിർത്തി രണ്ട് സിനിമകൾ നിർമ്മി ക്കുകയുണ്ടായി. കെ ജി ജോർജ്ജ് ആയിരുന്നു ‘ഇരകൾ’ എന്ന ചിത്രത്തിന്‍റെ സംവിധായകൻ. പിന്നീട് ഈ ചിത്രത്തിനു 1985 ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചു.ഭാര്യ മല്ലികയുടെയും തന്‍റെയും പേരിലെ ആദ്യാക്ഷരത്തിൽ തുടങ്ങുന്ന എം എസ് ബാനറിലാണ് സുകുമാരൻ ‘ഇരകൾ’ നിർമിച്ചിട്ടുള്ളത്.രണ്ടാമത്തെ ചിത്രമായ ‘പടയ ണി’ ടി എസ് മോഹൻ സംവിധാനം ചെയ്ത ചിത്രമാണ്. ഈ ചിത്രവും മക്കളായ ഇന്ദ്രജിത്തിന്‍റെയും പൃഥിരാജിന്‍റെയും പേരിലുള്ള ഇന്ദ്രരാജ് ബാനറിലാണ് സുകുമാരൻ നിർമിച്ചിരിക്കുന്നത്. ശോഭന, മോഹൻലാൽ, മമ്മൂട്ടി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

 ശിബിരമായിരുന്നു സുകുമാരൻ അഭിനയിച്ച അവസാന ചിത്രം.അവസാനമായി പുറത്തിറങ്ങിയ ചിത്രം വംശവും.1997 ജൂൺ 16നു അദ്ദേഹം മലയാള ചലച്ചിത്ര ലോകത്തോട് വിടപറഞ്ഞു. ഏത് വിഷയത്തിലും വ്യക്തമായ നിലപാടും അഭിപ്രായവും സുകുമാരൻ പ്രകടിപ്പിച്ചിരുന്നു. അതായിരുന്നു അദ്ദേഹത്തിന്‍റെ വ്യക്തിത്വം. സിനിമയിലെന്ന പോലെ കാർക്കശ്യം ജീവിതത്തിലും ഉണ്ടായിരുന്നു. നല്ല വായനക്കാരനും പ്രാസംഗികനുമായിരുന്നു അദ്ദേഹം. തൊഴിൽപരമായും മറ്റും തിരിച്ചടികൾ നേരിടേണ്ടി വന്നെങ്കിലും അതിലൊന്നും ആ കലാകാരൻ പതറിയില്ല. മക്കളിലും അവരുടെ ഭാവിയിലുമായിരിക്കും ഇനി തന്‍റെ വിജയമെന്നും ഡേറ്റിനായി സംവിധായകർ അവരെ കാത്തു നിൽക്കുന്ന കാലമുണ്ടാകുമെന്നും അദ്ദേഹം പ്രവചിച്ചു. ആ പ്രവചനം അസ്ഥാനത്തായില്ല. ചലച്ചിത്ര ലോകത്തെ മിന്നും താരമാണിന്നവർ. ഇന്ദ്ര ജിത്തും പൃഥ്വിരാജും അച്ഛന്‍റെയും അമ്മയുടെയും പേരും  യശസ്സും വാനോളമുയർത്തി.  മലയാള സിനിമയുടെ അഭിമാനവും അനുഗ്രഹമാണ് ഇന്നും ഈ താരകുടുംബം.

spot_img

Hot Topics

Related Articles

Also Read

ജോണ്‍സണ്‍ മാസ്റ്റര്‍ സ്മാരക പുരസ്കാരം മോഹന്‍ സിതാരയ്ക്ക്

0
സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഉത്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ജോണ്‍സണ്‍ മാഷിന്‍റെ 12- മത് ഓര്‍മദിനമായ  ആഗസ്ത് 18 നു വൈകീട്ട് അഞ്ചുമണിക്ക് സാഹിത്യ അക്കാദമി ഹാളില്‍ വെച്ചു പുരസ്കാരം സമ്മാനിക്കും

സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചു

0
സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍  അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി

ബിജു മേനോൻ- ആസിഫ്അലി ചിത്രം ‘തലവൻ’ മെയ് 24 ന് തിയ്യേറ്ററിലേക്ക്

0
ബിജുമേനോനെയും ആസിഫ്അലിയെയും പ്രധാന കഥാപാത്രങ്ങളാക്കി ക്കൊണ്ട് ജിസ് ജോയ് സംവിധാനം ചെയ്യുന്ന ‘തലവൻ’ മെയ് 24 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും

‘ഭരതനാട്യ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
അസ്സോസിയേഷൻ വിത്ത് സൈജു കുറുപ്പ് എന്റർടൈമെന്റിന്റെ ബാനറിൽ സൈജു കുറുപ്പ്, ലിനിമറിയം ഡേവിഡ്, അനുപമ നമ്പ്യാർ എന്നിവർ നിർമ്മിച്ച് നടൻ സൈജു കുറുപ്പ് പ്രധാനകഥാപാത്രമായി എത്തുന്ന ‘ഭരതനാട്യ’ത്തിന്റെഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കൃഷ്ണ...

ഭീതിദമായ ഇരുണ്ട ഭൂതകാലങ്ങളുടെ നിലവറയ്ക്കുള്ളിലൊരു ‘ഭ്രമയുഗം’

0
ബ്ലാക് ആൻഡ് വൈറ്റ് ചെസ്സ് ബോർഡിനുള്ളിലെ കളിക്കളങ്ങളാണു കൊടുമൺ പോറ്റിയുടെ മന. അതിനുള്ളിൽ കറുപ്പിലും വെളുപ്പിലും മിന്നിമറയുന്ന ഭീതിദമായ പകിടകളി. അതിൽ ഒരേയൊരു രാജാവായി കൊടുമൺ പോറ്റി വാഴുന്നു. അധികാരത്തിന്റെ ഹുങ്കിന്റെ, അഹന്തയുടെ പ്രതിരൂപമായി അയാൾ നിറഞ്ഞു നിന്ന് കളി തുടരുന്നു.