മലയാള സിനിമാ ചരിത്രത്തിന് പുതുവഴിവെട്ടിത്തെളിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഷാജി എൻ. കരുൺ അന്തരിച്ചു. 73- വയസ്സായിരുന്നു. സംവിധായകനായി തുടക്കമിടും മുൻപെ സിനിമയിൽ അദ്ദേഹം അരങ്ങേറ്റം കുറിക്കുന്നത് ഛായാഗ്രാഹകനായിട്ടാണ്. അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം . വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ ‘പിറവി’യിൽ വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു അന്ത്യം. കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ദേശീയ-അന്തര്‍ദേശീയ തലങ്ങളിൽ മലയാള സിനിമയെ അമരത്തെത്തിച്ച അതുല്യ പ്രതിഭയാണ് ഷാജി എൻ. കരുൺ. സംവിധായകനായല്ല, ഛായാഗ്രാഹകനായിട്ടാണ് മലയാള സിനിമയില്‍ അദ്ദേഹം അരങ്ങേറ്റം കുറിക്കുന്നത്. നാല്പതോളം സിനിമകൾക്ക് ഛായാഗ്രാഹകനായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ‘പിറവി’ എന്നചിത്രത്തിലൂടെയാണ് ഷാജി എൻ. കരുൺ സംവിധായകനായി വെള്ളിത്തിരയിൽ ആദ്യ ചുവട് വയ്ക്കുന്നത്. ഈ ചിത്രത്തിന് 1989-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ക്യാമറ പ്രത്യേക പരാമര്‍ശവും നേടി. അദ്ദേഹം സംവിധാനം ചെയ്ത ‘സ്വം’ എന്ന രണ്ടാമത്തെ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു മലയാള സിനിമയാണ്.
സിനിമയോടൊപ്പം സഞ്ചരിക്കുമ്പോൾ തന്നെ നിരവധി ചലച്ചിത്ര – കലാപ്രസ്ഥാനങ്ങളുടെയും സ്ഥാനവും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷസ്ഥാനവും ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (ഐഎഫ്എഫ്‌കെ)യുടെ അധ്യക്ഷസ്ഥാനവും നിർവഹിച്ചിട്ടുണ്ട് അദ്ദേഹം. 2011-ല്‍ അദ്ദേഹം പത്മശ്രീ അവാര്‍ഡിന് അര്‍ഹനായി. മലയാള ചലച്ചിത്രരംഗത്തെ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനയ്ക്കുള്ള 2023-ലെ ജെ.സി.ഡാനിയേൽ പുരസ്കാരം ലഭിച്ചു. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡും മൂന്ന് സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട് . തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ബിരുദവും 1974-ല്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രഹണത്തില്‍ ഡിപ്ലോമയും നേടി. 1975-ല്‍ കേരള സംസ്ഥാന ചലച്ചിത്ര വികസനകോര്‍പ്പറേഷന്റെ രൂപവത്കരണത്തില്‍ മുഖ്യപങ്കു വഹിച്ചു. 1976-ല്‍ കെ എസ് എഫ് ഡി സിയില്‍ ഫിലിം ഓഫീസറായി ചുമതലയേറ്റു. കുമ്മാട്ടി, തമ്പ്, പോക്കുവെയില്‍, ഒരിടത്ത്, കാഞ്ചനസീത, എസ്തപ്പാന്‍ചി, ദംബരം, തുടങ്ങിയ അരവിന്ദന്‍ ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ചു. കുട്ടിസ്രാങ്ക്, സ്വപാനം, നിഷാദ്, ഓള് എന്നിവയാണ് ശ്രദ്ധേയമായ മറ്റ് സിനിമകള്‍. ഏഴ് ദേശീയ പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. 1998-ല്‍ രൂപം കൊണ്ട കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍ ആയിരുന്നു.