തന്റെ കലാസപര്യയ്ക്കും അതിന്‍റെ പൂര്‍ണതയ്ക്കും വേണ്ടി സൃഷ്ടികളുടെ അന്ത:സത്ത എങ്ങനെയായിരിക്കണമെന്ന തിരഞ്ഞെടുപ്പുകള്‍ക്ക് വ്യക്തവും കൃത്യവുമായ നിലപാടുകളും ലക്ഷ്യവും ഉദ്ദേശ്യവുമുണ്ടായിരുന്നു ടിവി ചന്ദ്ര ന്‍ എന്ന മലയാളത്തിന്‍റെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകന്. സാംസ്കാരികവും സാമൂഹികവും രാഷ്ട്രീയവുമായ ഉച്ചനീച്ചത്വങ്ങള്‍ക്കെതിരെ നിരന്തരം അദ്ദേഹം തന്റെ കലയിലൂടെ കലഹിച്ചിരുന്നു ,ആ കലാകാരന്‍റെ മനസ്സും സിനിമയുമെല്ലാം. സങ്കീര്‍ണവും അരാജകവുമായ സാമൂഹികവും സാമ്പത്തികവുമായ നിരവധി പ്രശ്നങ്ങളെ കേന്ദ്രീകരിച്ച വിഷയങ്ങളെ അദ്ദേഹത്തിന്‍റെ സിനിമകള്‍ അഭിമുഖീകരിച്ചു.

പൊതുവിടത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട എന്തും മുഖ്യധാരയിൽ കൊണ്ട് വന്ന ടി വി ചന്ദ്രന്‍റെ ഓരോ സിനിമകളും ചര്‍ച്ചകള്‍ക്കും നിരൂപണങ്ങൾക്കും പഠനങ്ങൾക്കും വിഷയമായി . വേറിട്ട് നിന്നു സ്വരമുയര്‍ത്തുകയായിരുന്നു ടിവി ചന്ദ്രന്‍റെ സിനിമകള്‍ . 1981 മുതല്‍ മലയാള ചലച്ചിത്ര വേദിയില്‍ നിന്നുകൊണ്ട് പതിനാറു ചിത്രങ്ങളോളം സംവിധാനം ചെയ്ത അദ്ദേഹത്തിന്‍റെ സിനിമകൾക്കെല്ലാം സാമൂഹികമായ പ്രതിബദ്ധതയ്ക്കു ആക്കമുണ്ടെന്ന് അടയാളപ്പെടുത്തി.
ഇന്ത്യന്‍ സിനിമയില്‍ ഗുജറാത്ത് കലാപത്തിന്‍റെ ദൈന്യതയും ഭീകരതയും അടയാളപ്പെടുത്തിയ ‘കഥാവശേഷ’നും’ വിലാപങ്ങള്‍ക്കപ്പുറവും’ ‘ഭൂമിയുടെ അവകാശികളും’ ടി വി ചന്ദ്രന്‍റെ സംഭാവനകളാണ് . ഒരു പക്ഷേ ഈ വിഷയം സിനിമയിലധികം ചർച്ച ചെയ്യാനും ആ കാലത്തെ ഭീകരാന്തരീക്ഷത്തെ സ്ക്രീനിലേക്ക് കൊണ്ട് വരാനും ധൈര്യം കാണിച്ച അപൂര്‍വം സംവിധായകന്‍ മലയാളത്തില്‍ നിന്നുള്ള ടി വി ചന്ദ്രനായിരിക്കും . അത് പോലെ അദ്ദേഹത്തിന്‍റെ ‘ഡാനി ‘എന്ന ചിത്രത്തില്‍ കര്‍സേവകര്‍ ബാബരി മസ്ജിദ് പള്ളി പൊളിച്ച് മാറ്റുന്ന ദൃശ്യം സിനിമയ്ക്കായി ചിത്രീകരിച്ചതും ടി വി ചന്ദ്രനാണ്. ചരിത്രത്തിന്‍റെ അവശേഷിപ്പുകള്‍ ,അത് ബാക്കി വെച്ചുപോയ ഉണങ്ങാത്ത മുറിവുകള്‍, ചരിത്രത്തിനിടയില്‍ നിന്നെവിടെയോ മുറിഞ്ഞു പോയ നിലവിളികള്‍…ഇതൊക്കെ വീണ്ടും നമ്മള്‍ തുടര്‍ച്ചയെന്നോണം കാണുന്നത് ടി വി ചന്ദ്രന്‍റെ സിനിമകളിലാണ്.

സ്ത്രീപക്ഷരാഷ്ട്രീയത്തിന്‍റെയും സോഷ്യലിസ്റ്റ് ആശയങ്ങളുടെയും എല്ലായിടങ്ങളില്‍ നിന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെയും ജീവിതങ്ങളെ തന്‍റെ നിലപാടുകൾ കൊണ്ട് അടയാളപ്പെടുത്തിയ സിനിമകൾ വെള്ളിത്തിരയിലെത്തിക്കുവാന്‍ ടിവി ചന്ദ്രനു കഴിഞ്ഞിട്ടുണ്ട് .
യാഥാസ്ഥിതികമായ വ്യവസ്ഥിതികളോടും വികലമായ കാഴ്ചപ്പാടുകളോടും നിരന്തരം തന്‍റെ കലകളിലൂടെ പ്രതിഷേധിക്കുന്ന സമരോത്സുകനായിത്തീര്‍ന്നിരുന്നു അദ്ദേഹം. സിനിമയുടെ അനന്തമായ സാധ്യതകളെ തേടിയിറങ്ങുവാന്‍ സിനിമാപഠന സ്കൂളുകളിലേക്ക് പോയിരുന്നില്ല ഈ ചലച്ചിത്രകാരന്‍. ജീവിതവും ചുറ്റുമുള്ള പരിസരങ്ങളും സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ അന്തരീക്ഷവുമായിരുന്നു ടി വി ചന്ദ്രന്‍റെ ‘സിനിമാപഠന സ്കൂള്‍’. അനുഭവങ്ങളെയും തന്‍റെ ജീവിതത്തിനു ചുറ്റും നടക്കുന്ന സംഭവങ്ങളെയും അഭ്രപാളിയിലേക്ക് എത്തിക്കുവാന്‍ അദ്ദേഹമെടുത്ത പരിശ്രമങ്ങളെ അഭിനന്ദിക്കാതെ വയ്യ. സിനിമ എന്ന കലയെക്കുറിച്ച് പഠനം പോലും നടത്താതെ മികച്ച സിനിമകള്‍ സംവിധാനം ചെയ്ത യഥാര്‍ത്ഥ കലാകാരനായിരുന്നു ടി വി ചന്ദ്രന്‍. സിനിമ ഒരു കവിത പോലെയാണെന്നും അത് അനുഭവത്തിലൂടെയും ജീവിതത്തിലൂടെയും നിരന്തരമായ സാധകത്തിലൂടെ കൈക്കൊള്ളേണ്ട കലയാണെന്നുമായിരുന്നു ടിവി ചന്ദ്രന്റെ പക്ഷം.

നാല്‍പ്പത്തിയാറു വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ അദ്ദേഹം നേടിയെടുത്ത അംഗീകാരങ്ങളില്‍ മൃഗീയ ഭൂരിപക്ഷവും തിയ്യേറ്ററിനുള്ളിലെ പ്രേക്ഷകരുടെ മാത്രം കയ്യടികളിലൂടെയായിരുന്നു. സംവിധാനത്തില്‍ മാത്രമല്ല, സമാന്തര സിനിമകളുടെ പ്രോദ്ഘാടകരിലൊരാളായ പി എ ബക്കര്‍ എന്ന സംവിധായകന്‍റെ ‘കബനീ നദി ചുവന്നപ്പോള്‍ ‘എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ട് കടന്നു വന്ന ടി വി ചന്ദ്രന്‍റേയും കലാപക്ഷം പി എ ബക്കറിന് സമാനവും സഹൃദയവുമായിരുന്നു. അഭിനയത്തിലല്ല ,മികച്ച കലാമൂല്യമുള്ള സിനിമകളുടെ സംവിധായകനാകേണ്ട ആളാണ് താനെന്ന് സ്വയം തിരിച്ചറിഞ്ഞ കലാകാരന്‍ കൂടിയായിരുന്നു ഇദ്ദേഹം . അത് കൊണ്ട് തന്നെ മലയാള സിനിമ ജീവസ്സാര്‍ന്ന നല്ല സിനിമകളുടെയും ഭാഗമായി.

സംവിധായകരയ പവിത്രനുമായും ജോണ്‍ എബ്രാഹാമും പി എ ബക്കറു മായുള്ള ടി വി ചന്ദ്രന്‍റെ അഗാധമായ സൌഹൃദം അദ്ദേഹത്തിന് ‘സര്‍വ്വകലാശാല’യ്ക്ക് തുല്യമായിരുന്നു. താരമൂല്യപ്രഭയില്‍ ജ്വലിച്ചു നിന്ന പ്രേംനസീറിനെ കടന്നായിരുന്നു ‘കൃഷ്ണന്‍ കുട്ടി ‘എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി ടി വി ചന്ദ്രന്‍ എത്തുന്നത്. സാമ്പത്തികമായി ആ ചിത്രം പരാജയപ്പെട്ടെങ്കിലും ‘നായകനായി തിരഞ്ഞെടുക്കുന്നതിലെ മലയാള സിനിമയുടെ പാരമ്പര്യത്തെ ഉപേക്ഷിച്ച ചിത്രം’ എന്ന പല വിശേഷണങ്ങളിലും ‘കൃഷ്ണന്‍ കുട്ടി‘ ശ്രദ്ധേയമായിരുന്നു എന്നു മലയാള സിനി മാ ചരിത്രം അടയാളപ്പെടുത്തുന്നു.

‘ആലീസിന്‍റെ അന്വേഷണങ്ങളി’ലൂടെയാണ് ടി വി ചന്ദ്രനില്‍ നിന്നും 1989-ൽ സ്ത്രീപക്ഷ സിനിമ പിറക്കുന്നത്. ഭര്‍ത്താവിനെ തേടിയിറങ്ങുന്ന ആലീസ് ഒടുവില്‍ അയാളെ കണ്ടെത്തുന്നു. ആ കണ്ടെത്തലിനെക്കാള്‍ അവള്‍ പുതുതായി കണ്ടെത്തുന്ന മറ്റൊരു സത്യം ഭര്‍ത്താവില്‍ നിന്നും താന്‍ അവഗണനയുടെ ഏറ്റവും താഴെത്താട്ടിലാണെന്നാണ് . ഒടുവില്‍ അവഗണനയുടെ ആ തീച്ചൂളയില്‍ നിന്നും പുറത്തേക്കിറങ്ങുന്ന അവള്‍ അയാളുടെ ജീവിതത്തിലെ അവഗണനയുടെ അവസാന പടിക്കെട്ടും ഉപേക്ഷിച്ചു പോകുന്നു. ഏകാന്തതയിലിരുന്നു കരയുകയല്ല, മറിച്ചവള്‍ സ്വന്തം നിലനിപ്പിനായി ജീവിതവുമായി പോരാടുകയായിരുന്നു. ആലീസിന്‍റെ തുടര്‍ന്നുള്ള ജീവിതത്തില്‍ പോരാട്ടത്തിന്‍റെ പെണ്‍രാഷ്ട്രീയത്തിന്‍റെ പുത്തന്‍ മാനങ്ങള്‍ കാണാം. സ്ത്രീ സ്വത്വത്തിന്‍റെ സൂക്ഷ്മാവിഷ്കാരം ‘ആലീസിന്‍റെ അന്വേഷണങ്ങളി’ല്‍ നിഴലിച്ചു കാണാം. കേരളത്തില്‍ നിലനിന്നിരുന്ന ഫ്യൂഡല്‍വ്യവസ്ഥയുടെ നേര്‍ ചിത്രമായിരുന്നു മമ്മൂട്ടി കേന്ദ്രകഥാപാത്രമാ യെത്തിയ ‘പൊന്തന്‍മാട‘. മികച്ച സംവിധായകന്‍, മികച്ച നടന്‍ എന്നിവയടക്കം നിരവധി പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രം കൂടിയായിരുന്നു ഇത്.

വിമോചനത്തിനായുള്ള പോരാട്ടസമരത്തിന്‍റെ ചരിത്രം പറയുന്ന ‘ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം‘ എന്ന ചിത്രത്തിലും സ്ത്രീപക്ഷത്തിന്‍റെ ശബ്ദം ഉയര്‍ന്നു കേള്‍ക്കാം. ‘പാഠം ഒന്ന് ഒരു വിലാപ’ത്തിലെത്തി നില്‍ക്കുമ്പോള്‍ മുസ്ലിം സമുദായത്തിലെ സ്ത്രീകൾക്കെതിരെയുള്ള ജീര്‍ണിച്ച യാഥാസ്ഥിതിക നിലപാടുകള്‍ക്കെതിരെ തുറന്നടിക്കുകയാണ് ടി വി ചന്ദ്രന്‍. സമുദായത്തിലെ ബഹുഭാര്യത്വത്തെയും ബാലവിവാഹത്തെയും അദ്ദേഹം ശക്തമായി ഈ ചിത്രത്തിലൂടെ വിമര്‍ശിച്ചു. യാഥാര്‍ഥ്യത്തിലേക്ക് തുറന്നു വെച്ച ക്യാമറയായിരുന്നു ടി വി ചന്ദ്രന്‍റേത്. മനുഷ്യജീവിതത്തെ സ്വാധീനിക്കുന്ന ദൈനംദിനമായ ഓരോരോ ചലനങ്ങളെയും മാറ്റങ്ങളേയും അദ്ദേഹം ഒപ്പിയെടുത്തു. ഒരു പക്ഷേ, സങ്കീര്‍ണ്ണമായ മനുഷ്യാവസ്ഥകളെ അത്രത്തോളം മനസ്സിലാക്കുവാന്‍ ടി വി ചന്ദ്രനെപ്പോലെയുള്ളോരു സംവിധായകനുമാത്രം സാധിക്കുന്ന ഒന്നാണ്.







