കലാരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പദ്മ പുരസ്‌കാര പട്ടികയിലാണ് മമ്മൂട്ടി ഇടംപിടിച്ചത്. 1998-ൽ രാജ്യം അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിച്ചിരുന്നു.
അഞ്ച് പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ കരുത്തായി നിലകൊള്ളുന്ന മമ്മൂട്ടിക്ക് വൈകിയെത്തിയ അംഗീകാരമാണിതെന്ന് സിനിമാലോകം വിലയിരുത്തുന്നു. തെന്നിന്ത്യൻ ഭാഷകൾക്ക് പുറമെ ഹിന്ദി, ഇംഗ്ലീഷ് ചിത്രങ്ങളിലും തന്റേതായ മുദ്ര പതിപ്പിച്ച അദ്ദേഹം മൂന്ന് ദേശീയ അവാർഡുകളും നിരവധി സംസ്ഥാന അവാർഡുകളും സ്വന്തമാക്കിയിട്ടുണ്ട്.
മൂന്ന് തവണ തവണ മതിലുകൾ, പൊന്തൻമാട, ഡോ. ബാബാസാഹബ് അംബേദ്കർ എന്നീ ചിത്രങ്ങളിലൂടെ ദേശീയ പുരസ്‌കാരങ്ങൾ നേടി. കൂടാതെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ഒന്നിലധികം തവണ ലഭിച്ചിട്ടുണ്ട്. 1998-ലാണ് പദ്മശ്രീ പുരസ്‌കാരം ലഭിക്കുന്നത്.
ന്യൂഡൽഹി, അമരം, ഒരു വടക്കൻ വീരഗാഥ തുടങ്ങി മലയാളികൾ നെഞ്ചേറ്റിയ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ മമ്മൂട്ടി, പുതിയ കാലത്തെ പരീക്ഷണ ചിത്രങ്ങളായ നൻപകൽ നേരത്ത് മയക്കം, ഭ്രമയുഗം, കള ങ്കാവൽ എന്നി ചിത്രങ്ങളിലൂടെ തന്റെ അഭിനയമികവ് വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി.
കേരള മുഖ്യമന്ത്രിയുൾപ്പെടെയുള്ള പ്രമുഖർ മമ്മൂട്ടിക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തി. ഭാരതത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പദ്മഭൂഷൺ മമ്മൂട്ടി എന്ന പ്രതിഭയ്ക്കുള്ള അർഹമായ അംഗീകാരമാണെന്ന് സഹപ്രവർത്തകരും ആരാധകരും ഒരേപോലെ അഭിപ്രായപ്പെട്ടു







