Friday, May 2, 2025

നീലനിശീഥിനിയിലെ ദേവഗായകന്‍

“നീല നിശീഥിനി നിന്‍ മണി മേടയില്‍…” വിഷാദത്തിന്‍റെ എത്രയോ രാഗാര്‍ദ്രമായ രാത്രികളുടെ ഏകാന്തതയിലേക്ക് ബ്രഹ്മാനന്ദന്‍റെ ശബ്ദം നമ്മെ കൂട്ടിക്കൊണ്ട് പോയിട്ടുണ്ട്. മലയാളികളുടെ കാതുകളിലേക്ക് ഒഴുകിയെത്തിയ ആ ശബ്ദവിസ്മയം ഇടം പിടിച്ചത് നമ്മുടെയെല്ലാം ഹൃദയത്തിലായിരുന്നു. ആ ശബ്ദത്തില്‍ അന്തര്‍ലീനമായി കിടന്നിരുന്ന വിഷാദച്ഛായ പടര്‍ന്ന് പിടിക്കാത്ത മനസ്സുകള്‍ വിരളമായിരുന്നു. ഏത് വിഷാദത്തിലും ബ്രഹ്മാനന്ദന്‍റെ ശബ്ദത്തിലെ പാട്ടുകള്‍ നമുക്ക് കൂട്ടിരുന്നു. എം കെ അര്‍ജുനന്‍ മാഷ് ഈണമിട്ട  “നീല നിശീഥിനി” എന്ന ഗാനം ഉള്ളിടത്തോളം കാലം ബ്രഹ്മാനന്ദന്‍ എന്ന ഗായകന്‍റെ നാദവും ചിരഞ്ജീവിയാണ്.  ബ്രഹ്മാനന്ദന്‍റെ ശബ്ദത്തില്‍ പിറന്ന ചില ഗാനങ്ങള്‍ യേശുദാസിന്‍റെ സ്വരവുമായി സാമ്യം പുലര്‍ത്തിയപ്പോള്‍ അദ്ദേഹം മറ്റൊരു യേശുദാസായി മാറുകയായിരുന്നു. ബ്രഹ്മാനന്ദന്‍റെ ശബ്ദ സൌകുമാര്യത്തെ തിരിച്ചറിഞ്ഞത് കെ രാഘവന്‍ മാഷായിരുന്നു. അദ്ദേഹം ഹിറ്റ് ചിത്രമായ ‘കള്ളിച്ചെല്ലമ്മ’യിലെ പാട്ടുകള്‍ക്ക് വേണ്ടി ഈണമിട്ടപ്പോള്‍ ആ പാട്ടുകള്‍ക്ക് ശബ്ദം നല്കാന്‍ വേണ്ടി ക്ഷണിച്ചത് കെ പി ബ്രഹ്മാനന്ദനെയാണ് .”മാനത്തെ കായലിന്‍” എന്ന ആദ്യ പാട്ട് തന്നെ ഹിറ്റാക്കിക്കൊണ്ട് മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചു ബ്രഹ്മത്തെ പോലും വിഷാദത്തിലാഴ്ത്തുന്ന സ്വരമുള്ള  ഈ പാട്ടുകാരന്‍. 

പതിറ്റാണ്ടുകളുടെ കാലപ്പഴക്കമുള്ള തഴക്കം വന്ന ഉറച്ച സ്വരമായിരുന്നു ബ്രഹ്മാനന്ദന്‍റേത്. കാലം ഉരച്ചു നോക്കുന്തോറുമത് പത്തരമാറ്റായി വെട്ടിത്തിളങ്ങി. പക്ഷേ എന്നിട്ടും ബ്രഹ്മാനന്ദന്‍ എന്ന ഗായകനും ആ കണ്0ത്തില്‍ നിന്നൂറുന്ന സ്വരപ്രവാഹത്തെയും അധികമാരും തിരിച്ചറിയുകയോ അംഗീകാരങ്ങള്‍ നല്‍കുകയോ ചെയ്തില്ല. എന്നാല്‍ സാധാരണക്കാരായ എല്ലാ സംഗീതാസ്വാദകരുടെയും മനസ്സില്‍ മറ്റെല്ലാ ഗായകര്‍ക്കുമുള്ള സ്ഥാനം ബ്രഹ്മാനന്ദനും ഉണ്ടായിരുന്നു. അതായിരുന്നു അദ്ദേഹത്തിന് ലഭിച്ച ഏറ്റവും വലിയ യഥാര്‍ത്ഥ ബഹുമതി. 2003 ല്‍ ലഭിച്ച സംഗീത നാടക അക്കാദമി  അവാര്‍ഡ് ആണ് കെ പി ബ്രഹ്മാനന്ദന്‍ എന്ന ഗായകനെ ഔദ്യോഗികമായി അംഗീകരിക്കുന്നത്. ‘കള്ളിച്ചെല്ലമ്മ’യിലെ പാട്ടിലൂടെ തുടങ്ങിയ ബ്രഹ്മാനന്ദന്‍റെ ഗാനസപര്യ നൂറോളം പാട്ടുകളിലൂടെ ഒഴുകിയെത്തി. 1965 ലെ ആള്‍ ഇന്ത്യ റേഡിയോ നടത്തിയ ലളിതഗാനമല്‍സരത്തില്‍ മികച്ച ഗായകനായി തിരഞ്ഞെടുത്തതോടെയാണ് മലയാള സിനിമ ബ്രഹ്മാനന്ദന്‍റെ ശബ്ദ സൌകുമാര്യത്തെ തിരിച്ചറിയാന്‍ തുടങ്ങിയത്. പിന്നീട് തമിഴകത്തും ആ ശബ്ദത്തില്‍ നിരവധി ഗാനങ്ങള്‍ പിറന്നു.

ഗായകനായി മാത്രമല്ല, സംഗീതസംവിധായകനായും ബ്രഹ്മാനന്ദന്‍ മലയാള സിനിമയില്‍ അറിയപ്പെട്ടു. ‘മലയത്തിപ്പെണ്ണ്’ എന്ന ചിത്രത്തിലെ പ്രശസ്തമായ “മത്തിച്ചാറു മണക്കണ് മണക്കണ്” എന്ന ഗാനത്തിന്‍റെ സംഗീത സംവിധായകന്‍ ഗായകനായ കെ പി ബ്രഹ്മാനന്ദനാണെന്ന കാര്യം മാത്രം അത്രത്തോളം പ്രശസ്തമായില്ല.  സിനിമയിലെത്തും മുന്നേ നാടകങ്ങളുടെ തട്ടകത്തില്‍ സുപരിചിതമായിരുന്നു ബ്രഹ്മാനന്ദന്‍റെ ശബ്ദം. ആറ്റിങ്ങല്‍ ദേശാഭിമാനി തിയ്യേറ്റേഴ്സിന്‍റെ നാടകങ്ങളിലായിരുന്നു അദ്ദേഹം കൂടുതലും സജീവമായി ഉണ്ടായിരുന്നത്. സിനിമയില്‍ എത്തിയതോടെ നിരവധി വിദേശ രാജ്യങ്ങളിലും ബ്രഹ്മാനന്ദന്‍റെ സ്വരമാധുര്യം നിറഞ്ഞു നിന്നു. “താരകരൂപിണി നീയെന്നുമെന്നുടെ ഭാവനാ രോമാഞ്ചമായിരിക്കും…ഏകാന്ത ചിന്ത തന്‍ ചില്ലയില്‍ പൂവിടും ഏഴിലം പാലപ്പൂവായിരിക്കും….” ‘ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു’എന്ന ചിത്രത്തിലെ ശ്രീകുമാരന്‍ തമ്പി എഴുതി ദക്ഷിണാമൂര്‍ത്തി സ്വാമികള്‍ ചിട്ടപ്പെടുത്തിയ ഈ ഗാനത്തിലൂടെയും  ബ്രഹ്മാനന്ദന്‍ എന്ന ഗായകന്‍റെ ശബ്ദം മലയാളികള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.

ബ്രഹ്മാനന്ദന്‍റെ വിഷാദത്തിന്‍റെ ഘനീഭവിച്ച മൂര്‍ച്ചയേറിയ ശബ്ദം നമ്മുടെ മനസ്സില്‍ ചെറുതല്ലാത്തൊരു മുറി വ് കോറി വരഞ്ഞിടുന്നുണ്ട്. ഭാവതീവ്രത കൊണ്ട് ആ ഗാനം എക്കാലത്തെയും ആത്മീയമായ തത്ത്വചിന്തയിലേക്ക് മനുഷ്യമനസ്സുകളെ സ്വാഗതം ചെയ്തു. കെ രാഘവന്‍ മാഷിന്‍റെ സംഗീതത്തില്‍ പി ഭാസ്കരന്‍ മാഷ് എഴുതിയ ‘പൂജയ്ക്കെടുക്കാത്ത പൂക്കള്‍’ എന്ന ചിത്രത്തിലെ ‘ക്ഷേത്രമേതെന്നറിയാത്ത തീര്‍ഥയാത്ര മൂര്‍ത്തിയേതെന്നറിയാത്ത കൊടുംതപസ്യ തളര്‍ന്നാലും വീഴാത്ത തപസ്വിനി നീ ഇനിയെന്നാണിനിയെന്നാണീ യാത്ര” ഈ ഗാനം നമ്മുടെ മനസ്സില്‍ വരഞ്ഞിടുന്നതു സന്യാസത്തിലൂടെ ഈശ്വരനിലേക്കുള്ള പാതയാണ്. അങ്ങനെ യേശുദാസിന്‍റെയും ജയചന്ദ്രന്‍റെയും പേരിനൊപ്പം കെ പി ബ്രഹ്മാനന്ദന്‍ എന്ന പേര് കൂടി മലയാള സിനിമയുടെ പാട്ടൊഴുക്കിനൊപ്പം ഒഴുകിച്ചേര്‍ന്നു. 

ഭാവതീവ്രവും ആലാപനസുന്ദരവുമായ ആ ശബ്ദത്തിന്‍റെ ഉടമയെ തേടി വീണ്ടും പാട്ടുകള്‍ നിറഞ്ഞു കൊണ്ടിരുന്നു. ‘പാതിരാവും പകല്‍വെളിച്ചവും’ എന്ന ചിത്രത്തിലെ “കണ്ണീരാറ്റിലെ തോണി”, ഇന്‍റര്‍വ്യൂ  എന്ന ചിത്രത്തിലെ “കനകം മൂലം ദു:ഖം കാമിനി മൂലം ദു:ഖം”, ‘സ്നേഹദീപമേ മിഴി തുറക്കൂ’ എന്ന ചിത്രത്തിലെ “ലോകം മുഴുവന്‍ സുഖം പകരാനായി” ,‘തെക്കന്‍ കാറ്റി’ലെ “പ്രിയമുള്ളവളെ…” ‘നിര്‍മാല്യം എന്ന ചിത്രത്തിലെ “ശ്രീ മഹാദേവന്‍ തന്‍റെ” ‘പുത്രകാമെഷ്ടി’ എന്ന ചിത്രത്തിലെ  “ചന്ദ്രിക ചര്‍ച്ചിതമാം രാത്രിയോടോ “ ,ആര്‍ കെ ശേഖറിന്‍റെ സംഗീതത്തില്‍ “ദേവഗായകനെ ശപിച്ചു “,”താമരപ്പൂ നാണിച്ചു”, “മാരിവില്‍ ഗോപുര വാതില്‍ തുറന്നു “ തുടങ്ങി നൂറോളം പാട്ടുകളുടെ സ്വന്തക്കാരനാണ് ഈ അതുല്യ പ്രതിഭാധനനായ  ഗായകന്‍. സമകാലികരായ പാട്ടുകാരെ താരതമ്യപ്പെടുത്തിയാല്‍ ബ്രഹ്മാനന്ദന്‍ പാടിയ പാട്ടുകള്‍ എണ്ണത്തില്‍ കുറവാണെങ്കിലും  പാടിയ പാട്ടുകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. തമിഴിലെ ഇളയരാജയടക്കമുള്ള പ്രമുഖരായ സംഗീതസംവിധായകരുടെ പാട്ടുകള്‍ക്കും ബ്രഹ്മാനന്ദന്‍റെ സ്വരം അലങ്കാരമായി. 

വ്യത്യസ്തമായ സ്വരമാധുര്യത്തോടെ ബ്രഹ്മാനന്ദന്‍ യേശുദാസിനും പി ജയചന്ദ്രനുമിടയില്‍ മറ്റൊരു ഋതു പോലെ വിടര്‍ന്ന് നിന്നു. ഇരുവര്‍ക്കിടയിലും ആ വ്യത്യസ്തത കൊണ്ട് ബ്രഹ്മാനന്ദന്‍ സംഗീതക്കടലില്‍ പാടിയണഞ്ഞു കൊണ്ട് നിറഞ്ഞു കവിഞ്ഞൊഴുകി സംഗീതപ്രേമികളുടെ കാതുകളിലേക്ക് …അവിടെന്ന് മനസ്സിലേക്ക് …കെ രാഘവന്‍ മാഷ് ബ്രഹ്മാനന്ദനെ ഇങ്ങനെ ഓര്‍ക്കുന്നു ; “ബ്രഹ്മാനന്ദന്‍ തന്‍റേടിയായിരുന്നു. വിചാരിച്ചിരുന്നെങ്കില്‍ കുറെ സിനിമകള്‍ കിട്ടുമായിരുന്നു. അങ്ങനെ ചെയ്യാത്തത് കൊണ്ട് കുറെ നല്ല പാട്ടുകള്‍ കിട്ടി “. ദുഃഖത്തിനും പ്രണയത്തിനും അനാഥത്വത്തിനും ഏകാന്തതയ്ക്കും ബ്രഹ്മാനന്ദ സ്വരമണിയുന്ന വ്യത്യസ്തമായ വൈകാരികത നമ്മുടെയെല്ലാം ഹൃദയത്തിന്‍റെ അടിത്തട്ടിലെവിടെയോ  പ്രതിധ്വനിക്കുന്നു. അത് നമ്മുടെ തന്നെ വികാര വിചാരങ്ങളല്ലെ എന്നു സന്ദേഹിക്കുന്നു… ‘നിര്‍മാല്യ’ത്തിലെ ഇടശ്ശേരിയുടെ കവിതകള്‍ക്ക് ബ്രഹ്മാനന്ദന്‍റെ ശബ്ദം ചേര്‍ന്ന് നിന്നു . ആ കവിതകളുടെ നോവു അത്രയും തന്നെ അദ്ദേഹം തന്‍റെ കണ്0ത്തിലേക്ക് ആവാഹിച്ചിരിക്കുന്നു . വിരഹത്തിലും അനാഥത്തിലും ബ്രഹ്മാനന്ദ സ്വരം ഒരു വിങ്ങല്‍ പോലെ നേര്‍ത്തിരിക്കുന്നു. എഴുപതുകളിലും എണ്‍പതുകളിലും നിറഞ്ഞു നില്‍ക്കേണ്ടിയിരുന്ന ഈ അനുഗ്രഹീത ഗായകന്‍ മലയാള സിനിമ ഗാനരാഗത്തിന്‍റെ  വിസ്മൃതിയിലേക്ക് ഒട്ടുമുക്കാലും മറഞ്ഞു പോയെക്കാമെങ്കിലും നല്ല സംഗീത പ്രേമികളായ സാധാരണക്കാരായ ആസ്വാദകര്‍ക്ക് ബ്രഹ്മാനന്ദനെന്നാല്‍ അവരുടെ സ്വകാര്യ ദു:ഖത്തിലും  സന്തോഷത്തിലും  അനാഥത്വത്തിലും  ഏകാന്തതയിലും കൂട്ടിരിക്കുന്ന ദേവഗായകനാണ്.

spot_img

Hot Topics

Related Articles

Also Read

ഞാന്‍ ഇവിടെയുണ്ടാകാന്‍ കാരണം നിങ്ങള്‍ പ്രേക്ഷകര്‍ ഓരോരുത്തരുമാണ്’-  ദുല്‍ഖര്‍ സല്‍മാന്‍

0
ഞാന്‍ ഇവിടെയുണ്ടാകാന്‍ കാരണം നിങ്ങള്‍ പ്രേക്ഷകര്‍ ഓരോരുത്തരുമാണ്’- കിങ് ഓഫ് കൊത്ത വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ കുറിപ്പുമായി ദുല്‍ഖര്‍ സല്‍മാന്‍.

അപർണ മൾബറി കേന്ദ്രകഥാപാത്രം; ഇന്ത്യയിലെ ആദ്യ A I സിനിമ ഒരുങ്ങുന്നു

0
സാംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമ്മിച്ച് മാധ്യമപ്രവർത്തകനും പ്രവാസിയുമായ ഇ എം അഷ്റഫ് സംവിധാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ A I സിനിമ ഒരുങ്ങുന്നു.

 ‘സീക്രട്ട്’ ജൂലൈ 26- ന് തിയ്യേറ്ററുകളിലേക്ക്

0
മോട്ടിവേഷണൽ ഡ്രാമജോണറിൽ തിയ്യേറ്ററിലേക്ക് എത്തുന്ന ചിത്രം സീക്രട്ട് എന്ന ചിത്രം ജൂലൈ 26 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.. എസ് എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സീക്രട്ട്. ലക്ഷ്മി പാർവതി...

സൂപ്പർ ഹിറ്റ് ട്രയിലറുമായി ബറോസ്

0
അഞ്ചുവർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം മോഹൻലാൽസംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ കിടിലം ട്രയിലർ റിലീസായി. വമ്പൻ ആവേശത്തോടെയാണ് ആരാധകർ ചിത്രത്തിന്റെ ട്രയിലർ ഏറ്റെടുത്തിരിക്കുന്നത്. ബറോസിന്റെ ത്രീ ഡി ഓൺലൈൻ ട്രയിലർആണ് ഇപ്പോള് റിലീസായിരിക്കുന്നത്....

‘ഒറ്റക്കൊമ്പനാ’യി സുരേഷ് ഗോപി; ചിത്രീകരണം ആരംഭിച്ചു

0
സിനിമയും രാഷ്ട്രീയവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാനുറച്ച് സുരേഷ് ഗോപി. കേന്ദ്രമന്ത്രിയായതിന് ശേഷം ആദ്യമായി അഭിനയിക്കുവാൻ സെറ്റിൽ എതിയിരിക്കുകയാണ് സുരേഷ് ഗോപി. തന്റെ 250- മത്തെ ഏറ്റവും പുതിയ ചിത്രമായ ‘ഒറ്റക്കൊമ്പനി’ൽ നായകനായി അഭിനയിക്കുവാൻ...